ന്യൂദല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാത്താവളത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ തങ്ങളുടെ പൗരന്മാരാണെന്ന് പാക്ക് അന്വേഷണസംഘം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
കേസിലെ തെളിവുകള്‍ തങ്ങളുമായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടു പാക്കിസ്ഥാന് സംയുക്ത അന്വേഷണ സംഘം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) അപേക്ഷ നല്കി. പാക്കിസ്ഥാന് സിആര്‍പിസിയുടെ 188 വകുപ്പ് പ്രകാരമാണു അപേക്ഷ നല്‍കിയിരിക്കുന്നത്.
പാക്കിസ്ഥാന് പൗരന്മാര് അന്യരാജ്യങ്ങളില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉപയോഗിക്കുന്ന വകുപ്പാണിത്. കൊല്ലപ്പെട്ട നാലു ഭീകരരുടെ ഡിഎന്‍എ റിപ്പോര്‍ട്ട് അടങ്ങിയ രേഖകള്‍ പാക്കിസ്ഥാന് സംഘത്തിനു കൈമാറി. ഇവ ഭീകരരുടെ കുടുംബാംഗങ്ങളുമായി ഒത്തുനോക്കാനും എന്‍ഐഎ ആവശ്യപ്പെട്ടു.
















