തിരിച്ചറിയുമെന്ന് തോന്നിയാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും പതുക്കെ തെന്നിമാറും. തിരിച്ചറിയുന്നവരോട് അവരിലൊരാളായി നിന്നിടപെടും. സിനിമാതാരമല്ലേ അല്പ സ്വല്പം ജാഡയൊക്ക ആകാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ കിട്ടുന്ന മറുപടി ഇരുത്തി ചിന്തിപ്പിക്കുന്നതാവും. കുട്ടിക്കുസൃതിയുടെ കാലത്ത് പക്വതയുടെ അച്ചടക്കവുമായി ഒരു കൊച്ചു സൂപ്പര്‍ താരം-മാസ്റ്റര്‍ ഗൗരവ് മേനോന്. മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ സ്നേഹം മുഴുവനും വാരിക്കോരിക്കിട്ടിയ ഗൗരവ്് ഇപ്പോള്‍ സിനിമയും പരസ്യവും മറ്റുമായി വലിയ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞു.
വടക്കന്‍ സെല്‍ഫി,നിര്‍ണായകം,ഹോംലി മീല്‍സ്,പോളിടെക്നിക്,ചിറകൊടിഞ്ഞ കിനാവുകള്‍, അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍ തുടങ്ങി ഇരുപത്തൊന്നോളം സിനിമകള്‍ പൂര്‍ത്തിയായി. നാലഞ്ചു സിനിമകള്‍ ഷൂട്ടിങിലാണ്. അനായാസം വേഷങ്ങള്‍ ചെയ്യാനുളള മിടുക്കാണ് ഗൗരവിന്റെ കൈമുതല്‍. വായില്‍ കൊള്ളുന്ന സംഭാഷണങ്ങളും ശരീരത്തിനു ചേര്‍ന്ന ഭാഷയുമായി പ്രേക്ഷകന് ആളോഹരി ആനന്ദം നല്‍കുന്നുണ്ട് ഈ നടന്. മങ്കിപെന്നിലൂടെ ആദ്യം തന്നെയത് തെളിയിച്ചു കഴിഞ്ഞു.
ലുക്ക്മാന്‍ മോഡല്‍ മാനേജ്മെന്റിലൂടെയായിരുന്നു ഗൗരവിന്റെ വരവ്. കാത്തിരിപ്പിന്റെ ഇടവേളകളൊന്നുമില്ലാതെ മോഡലിങില്‍ നിന്നും നേരെ സിനിമയിലേക്ക്. സെറ്റുകളിലെല്ലാം കുഞ്ഞനുജനും മകനും പേരക്കിടാവുമൊക്കെയായി ഈ പയ്യന്‍സ് പക്ഷെ തിരക്കുകളില്‍, തന്നെ കൈവിടാതെ സ്വയം പക്വമതിയാകുന്നത് അതിശയിപ്പിക്കുന്നു. അഭിപ്രായങ്ങളിലുമുണ്ട് സവിശേഷത.
എല്ലാ നടീനടന്മാരും അഭിനയത്തില്‍ അവരവരുടേതായ നിലവാരം പുലര്‍ത്തുന്നുവെന്ന് ഗൗരവ് പറയുന്നു. വീട്ടില്‍ നിന്നും കിട്ടിയതാണ് ഈ പരിശീലനവും ചൊല്ലുവിളിയും. അഹങ്കാരം വളര്‍ച്ചയല്ല തളര്‍ച്ചയാണ്. സ്നേഹവും വിനയവും ഗുരുത്വവും വേണം എന്നുമൊക്കെ പറഞ്ഞു കൊടുക്കുന്നുണ്ട്. ഇന്നുവരെ അങ്ങനെയാണ്. നാളെയും അങ്ങനെയായിരിക്കുമെന്നാണ് വിശ്വാസം. എല്ലാം ഈശ്വര നിശ്ചയം. ഗൗരവിന്റെ അച്ഛനമ്മമാരായ ഗോവിന്ദ മേനോനും ജയ ജി.മേനോനും പറയുന്നു.
എവിടേയും പ്രോത്സാഹനമാണ്. പ്രത്യേകിച്ച് സ്കൂളില്‍. അധ്യാപകരും വിദ്യാര്‍ഥികളും സഹപാഠികളും കൂടെയുണ്ട്. നോട്ട്സ് അമ്മ എഴുതിയെടുക്കും. സഹപാഠികളും സഹായിക്കും. പള്ളുരുത്തി സെന്റ് അലോഷ്യസ് സ്കൂളില്‍ ആറാം കഌസ് വിദ്യാര്‍ഥിയാണ് ഗൗരവ്. ചേട്ടന് ഗോഗുല്‍ അസിസ്റ്റന്റ് ഡയറക്ടര്‍. കൊച്ചി പള്ളുരുത്തി നടയ്ക്കടുത്തു താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: