മുക്കം: മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് കൊതുകുവളര്‍ത്തു കേന്ദ്രമായി മാറി.കോളജിന്റെ പരിസരത്ത് സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റിലെ കോണ്‍ക്രീറ്റ് കുഴികളിലും മലിന ജലം ശുദ്ധീകരിച്ച് വേര്‍തിരിക്കാനും ഭൂമിയിലേക്കിറക്കാനുമായി കുഴിച്ച കുഴികളിലും കൂത്താടികള്‍ തിങ്ങി നിറഞ്ഞ നിലയിലാണ്.മാലിന്യ സംസ്‌കരണ സംവിധാനം തകര്‍ന്നിരിക്കുകയാണ്.
വേസ്റ്റ് മാനേജ് മെന്റ് സംവിധാനത്തിന്റെ അപര്യാപ്ത മൂലം സമീപത്ത് പാടെ മലിനമായ നിലയിലാണ്.
സംസ്‌കരണത്തിനായി സജ്ജീകരിച്ച ഉപാധികള്‍.ഫില്‍ട്ടറിങ് സംവിധാനം കാര്യക്ഷമമല്ല,മലിന ജലം സംഭരിച്ച് വേര്‍തിരിക്കുന്ന പൈപ്പുകള്‍പൊട്ടിയ നിലയിലാണ്. ഇതു മൂലം മലിന ജലം ശുദ്ധീകരിക്കാതെ കുഴിയിലേക്കിറങ്ങി കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
കെ.എം.സി.ടി യുടെ അധീനതയിലുള്ള സ്ഥലത്ത് നഴ്‌സിംഗ് കോളജിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ കെട്ടിടത്തില്‍ കരാറുകാര്‍ മുന്നൂറോളം അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിട്ടുണ്ട്.ഇവിടങ്ങളില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും മലിനജലവും രണ്ടു തുറസായ കുഴികളില്‍ കെട്ടിക്കിടക്കുന്നത് വന്‍ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.മാനേജ്‌മെന്റിനെ ഭയന്നാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിക്കാത്തതെന്ന് നാട്ടുകാര്‍ പറയുന്നു.ചൊവ്വാഴ്‌ച്ച മുക്കം നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, ജൂനിയര്‍ സൂപ്രണ്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എതാനും കൗണ്‍സിലര്‍മാര്‍ എന്നിവരടങ്ങുന്ന സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു.
റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ ഹെല്‍ത്ത് ഇന്‍പെക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മാലിന്യ പ്രശ്‌നത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ ആഴ്‌ച്ചയാണ് മുക്കം മുനിസിപ്പല്‍ ചെയര്‍മാന് രേഖാ മൂലം പരാതി നല്‍കിയത്.
മണാശ്ശേരി ടൗണ്‍ വാര്‍ഡ് നിവാസികളാണ് പരാതിയുമായി രംഗത്ത് വന്നത്.
















