കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്ന കെട്ടിടങ്ങളില്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് പ്രയാസമില്ലാതെ എത്തിച്ചേരുന്നതിനുള്ള റാമ്പ് സംവിധാനമുള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിമാര്‍, എയിഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍, മദ്രസാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പൊതുഇടങ്ങളെന്ന നിലയ്‌ക്ക് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍പോലും ഇത്തരം സ്ഥാപനങ്ങളില്‍ റാമ്പ് സംവിധാനം വേണമെന്നാണ് നിയമം. സ്‌പോണ്‍സര്‍ഷിപ്പിലൂടെയോ മറ്റോ റാമ്പ് നിര്‍മാണത്തിനാവശ്യമായ ഫണ്ട് കണ്ടെത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 1.8 മീറ്റര്‍ വീതിയും 1:12 അനുപാതത്തില്‍ ചരിവും ഉള്ളതായിരിക്കണം റാമ്പ്.
കുടിവെള്ളം, ടോയ്‌ലറ്റ്, പോളിംഗ് സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് കടക്കാനും പ്രത്യേക വഴികള്‍, വോട്ടര്‍മാര്‍ക്ക് കാത്തിരിക്കാനുള്ള തണലിടം, വൈദ്യുതി, ആവശ്യമായ ഫര്‍ണിച്ചര്‍ എന്നിവയാണ് പോളിംഗ് സ്റ്റേഷനിലൊരുക്കേണ്ട മറ്റു സൗകര്യങ്ങള്‍.
ടേയ്‌ലറ്റ് ഇല്ലാത്ത 16 കേന്ദ്രങ്ങളില്‍ അവ നിര്‍മിക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രയ്‌ക്ക് ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
















