കോഴിക്കോട്: ഖസാക്കിന്റെ കഥാകാരന്‍ ഒ.വി. വിജയനെ കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി മലയാളികള്‍ മറന്നിരിക്കുന്നു എന്ന് മടപ്പള്ളി ഗവ. കോളജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകന്‍ കെ.വി. സജയ് പറഞ്ഞു. തപസ്യ കലാ-സാഹിത്യവേദി കോഴിക്കോട് സംഘടിപ്പിച്ച ഒ. വി. വിജയന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളികളുടെ മനം കവര്‍ന്ന മാന്ത്രിക ശക്തിയാണ് വിജയഭാഷ, കനിവിന്റെ എഴുത്തുകാരനും പ്രവാചക എഴുത്തുകാരനും അതിലുപരി സാമൂഹിക സ്രഷ്ടാവുമായ ഒ.വി വിജയനെ മലയാളി മറന്നിരിക്കുകയാണ്. സമൂഹത്തിന്റെ സര്‍വ തലങ്ങളെയും വിമര്‍ശിച്ച വ്യക്തിയാണ് വിജയന്‍. ഖസാക്കിന്റെ ഇതിഹാസവും ഗുരുസാഗരവും, ധര്‍മ്മ പുരാണവും, തലമുറകളും പ്രവാചകന്റെ വഴിയും വിമാനത്താവളവും മധുരം ഗായതിയുമെല്ലാം മനുഷ്യാവസ്ഥയുടെയും, സാമൂഹികാവസ്ഥയുടെയും പല തലങ്ങളേയും സ്വാധീനിച്ചു. ഖസാക്കിന്റെ ഇതിഹാസം വായിച്ചവര്‍ പലര്‍ക്കും അതിലടങ്ങിയ സമൂഹിക ആക്ഷേപങ്ങളും, അധികാരശക്തികള്‍ക്ക് നേരെ വിജയന്‍ തൊടുത്തുവിട്ട ചോദ്യങ്ങളും മനസ്സിലായില്ല. പാലക്കാട്ടെ ഒരു നാട്ടിന്‍പുറത്തെ കഥ എന്ന രീതിയിലാണ് പലരും അത് മനസ്സിലാക്കിയത്. തന്റെ എഴുത്ത് താന്‍ ഉദ്ദേശിച്ച രീതിയിലല്ല ജനങ്ങള്‍ വായിക്കുന്നത് എന്ന് കഥാകാരന്‍ അവസാന നാളുകളില്‍ പറഞ്ഞിരുന്നു. മലയാളികള്‍ വിജയനെ സ്മരിച്ചില്ലെന്ന് മാത്രമല്ല വിജയന്റെ എഴുത്ത് മനസ്സിലാക്കാനും മറന്നിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആശാന്റെയും, ബഷീറിന്റെയും നമ്പ്യാരുടെയുമെല്ലാം സാഹിത്യ ശൈലിയെ പൊളിച്ചെഴുതി പ്രാദേശിക രചനയാണ് മലയാള രചന എന്ന് മാറ്റി എഴുതിയ വിജയന്‍ ഗദ്യസാഹിത്യത്തിലും കാവ്യശൈലി മനോഹരമായി പ്രയോഗിക്കാം എന്ന് തെളിയിച്ചു. വിജയന്റെ ഓര്‍മ്മകള്‍ നാടകമായോ, കാവ്യമായോ സിനിമയായോ, മറ്റ് ഏതെങ്കിലും ഒരു രീതിയില്‍ നാളെ തിരിച്ചുവരും. അദ്ദേഹം പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍മ്മ പരമ്പരയിലെ കണ്ണികള്‍ എന്ന ഡി. മനോജിന്റെ ഫോട്ടോ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. ഖസാക്കിന്റെ ഒറ്റയടിപ്പാതകളിലൂടെ നടന്ന്, കാറ്റ് ശമിക്കാത്ത കരിമ്പനക്കാടുകള്‍ കടന്ന് ഖസാക്കിലെ രാത്രികളെയും പുഴകളെയും വയല്‍പ്പരപ്പുകളെയും ഓര്‍മ്മകളിലെത്തിക്കുന്നതായിരുന്നു പ്രദര്‍ശനം. അഞ്ച് വര്‍ഷങ്ങളിലായി 12 തവണ നടത്തിയ യാത്രകളിലൂടെയാണ് മനോജ് ഖസാക്കിന്റെ ചിത്രഭാഷ്യം രചിച്ചത്.
















