ന്യൂദല്‍ഹി: അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ക്കും ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കും അപകടത്തെപ്പറ്റി വിവരം നല്കുന്നവര്ക്കും സംരക്ഷണം നല്കാന് വ്യവസ്ഥ ചെയ്യുന്ന പുതിയ കേന്ദ്ര വിജ്ഞാപനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. റോഡപകടങ്ങളിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്കാന് വ്യവസ്ഥ ചെയ്യുന്ന വിജ്ഞാപനത്തില്‍ ഇവരെ ഒരു തരത്തിലും ഉപദ്രവിക്കരുതെന്നും നിര്‍ദ്ദേശിക്കുന്നു. ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഉപയുക്തമാകുന്നതാണ് പുതിയ നിയമം.
പോലീസും മറ്റും ശല്യം ചെയ്യുമെന്നും സ്ഥിരമായി പോലീസ് സ്റ്റേഷനുകളിലും കോടതികളിലും കയറിയിറങ്ങേണ്ടിവരുമെന്നും ഭയന്നാണ് പലപ്പോഴും അപകടത്തില്‍ പെടുന്നവരെ രക്ഷിക്കാന്‍ ജനങ്ങള്‍ മടിക്കുന്നത്. പുതിയ നിയമത്തോടെ ഈ സമീപനത്തില്‍ മാറ്റം വരും. നല്ല ശമര്യാക്കാരെ ശല്യങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഉതകുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കാന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിജ്ഞാപനം 2015 മെയ് 15ന് പുറപ്പെടുവിച്ചത്.പുതിയ വിജ്ഞാപന പ്രകാരം, അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് ആശുപത്രിയില്‍ മേല്‍വിലാസം നല്‍കണ്ടേതില്ല. അവര്‍ ആരെന്ന് വെളിപ്പെടുത്താന്‍ പോലീസിന് അവരെ നിര്‍ബന്ധിക്കാനുമാവില്ല. അവര്‍ക്ക് വേണമെങ്കില്‍ പേരും മേല്‍വിലാസവും നല്‍കാം.ഇവരെ ഒരാശുപത്രി അധികൃതരും തടഞ്ഞുവയ്ക്കരുത്. അവര്‍ രജിസ്ട്രേഷന് ഫീസ് അടയ്ക്കാന്‍ നിര്‍ബന്ധിക്കരുത്.
ഒരു പോലീസ് ഉദ്യോഗസ്ഥനും അവരോട് പേര് ചോദിക്കരുത്. പിന്നീട് വീഡിയോകോണ്‍ഫറന്‍സിംഗ് വഴി അവര്‍ക്ക് കോടതിയില്‍ മൊഴി നല്കാന് അവസരം ഒരുക്കാം. അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവരെ പേരു നല്കാന് നിര്‍ബന്ധിക്കുകയോ അവരെ ശല്യം ചെയ്യുകയോ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി എടുക്കും. ഏതെങ്കിലും സാക്ഷി സ്വമേധയാ മൊഴി നല്കാന് വന്നാല്‍ കോടതി ഒരു സിറ്റിംഗില്‍ അവരുടെ മൊഴി എടുക്കണം. വിജ്ഞാപനത്തില്‍ പറയുന്നു.
സേവ് ലൈഫ് എന്ന സര്‍ക്കാരിതര സംഘടനയാണ് അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നവര്‍ നേരിടുന്ന ദുരിതങ്ങള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 2014ല്‍ മാത്രം രാജ്യത്ത് നാലു ലക്ഷം അപകടങ്ങള്‍ ഉണ്ടായതായി സേവ് ലൈഫ് ഫൗണ്ടേഷന് ചൂണ്ടിക്കാട്ടുന്നു. 2013ല്‍ അപകടങ്ങളില്‍ 1.37 ലക്ഷം പേര് മരിച്ചു. 2014ല്‍ ഇത് 1.39 ആയി വര്‍ദ്ധിച്ചു. ജനാഭിമുഖ്യമുള്ള നിയമം ഉണ്ടെങ്കില്‍ മരണസംഖ്യ വന്‍തോതില്‍ കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
















