നട്ടാശ്ശേരി: ഇടത്തില്‍ ഭഗവതി ക്ഷേത്രത്തിന്റെ വാതില്‍ കുത്തിതുറന്ന് ഭണ്ഡാരം കവര്‍ന്നു. ചൊവ്വാഴ്ച രാത്രിയിലാണ് ക്ഷേത്രത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന രണ്ട് ഭണ്ഡാരകുറ്റികള്‍ മോഷണം പോയത്. ഏകദേശം അയ്യായിരം രൂപയോളം ഭണ്ഡാരത്തില്‍ ഉള്ളതായി കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ശ്രീകോവിലിന് മുന്നിലുള്ള മുഖമണ്ഡപത്തിന്റെ വാതിലാണ് കുത്തിതുറന്നത്. പൂട്ടു തുറക്കുവാന്‍ ഉപയോഗിച്ച കമ്പിപാരയും രണ്ട് ഭണ്ഡാരങ്ങളും സമീപത്തെ മാവിന്‍ ചുവട്ടില്‍നിന്നും പോലീസ് കണ്ടെടുത്തു. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. കോട്ടയം ഡിവൈഎസ്പി ബിജു കെ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘം അന്വേഷണത്തിന് നേതൃത്വം നല്‍കി.
















