ന്യൂദല്‍ഹി: നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സുപ്രധാന രേഖകള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നശിപ്പിച്ചു. നേതാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പരസ്യമാക്കിയ രഹസ്യ രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന 1960കളിലും 1970 കളിലുമാണ് രേഖകള്‍ നശിപ്പിച്ചിരിക്കുന്നത്.
ബോസിന്റെ ചിതാഭസ്മം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാന രേഖയുള്‍പ്പെടെ നശിപ്പിച്ചതിനെപ്പറ്റി ജസ്റ്റീസ് മുഖര്‍ജി കമ്മീഷന്‍ അന്വേഷിച്ചിരുന്നു. നിരവധി ഫയലുകള്‍ നശിപ്പിക്കുകയോ, തിരിച്ചെടുക്കാന്‍ പറ്റാത്തരീതിയില്‍ കാണാതാവുകയോ ചെയ്തതായിട്ടാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്.
നേതാജിയുമായി ബന്ധപ്പെട്ട 12(226)56 പിഎം എന്ന പേരിലുള്ള ഫയല്‍ 1972 മാര്‍ച്ച് ആറിന് നശിപ്പിക്കപ്പെട്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മറുപടി നല്‍കിയിട്ടുണ്ട്. 23(156)51 പിഎം , 2 (381)6066 പിഎം എന്നീ ഫയലുകളും നശിപ്പിക്കപ്പെടുകയോ കാണാതാകുകയോ ചെയ്തതായും മറുപടി നല്‍കിയിട്ടുണ്ട്.
ഈ രേഖകള്‍ നശിപ്പിച്ചതെന്തിനെന്നോ അതിന്റെ ഉള്ളടക്കങ്ങളെന്തെന്നോ യാതൊരു വിവരവും ലഭ്യമല്ല. ചരിത്രപ്രാധാന്യമുള്ള രേഖകള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്തിന് നശിപ്പിച്ചുവെന്നതിന്റെ പേരില്‍ അന്വേഷണം ഉടന്‍ തുടങ്ങണമെന്ന് നേതാജി രേഖകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് അനുജ് ധര്‍ ആവശ്യപ്പെട്ടു.
















