ചെന്നൈ: വളരെ ദുര്‍ബലമാണ് ആ ശബ്ദം, എങ്കിലും കണ്ണീരോടെ വൈശാലി ചോദിക്കുകയാണ്, എന്റെ പ്രിയപ്പെട്ടവന്‍ ഇരയോ വീരനോ? എന്റെ അച്ഛനെ ആരാണ് കൊന്നതെന്ന് എന്റെ മകന്‍ ചോദിക്കുമ്പോള്‍ ഞാനെന്ത് ഉത്തരമാണ് നല്‍കേണ്ടത്? അദ്ദേഹത്തെ ഞാനെങ്ങനെയാണ് വിശേഷിപ്പിക്കുക, ഇരയെന്നോ ധീരനെന്നോ..വൈശാലി വിതുമ്പുന്നു.
ബ്രസല്‍സില്‍ മെട്രോയിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ ചെന്നൈ സ്വദേശി രാഘവേന്ദ്രന്‍ ഗണേഷിന്റെ ഭാര്യയാണ് വൈശാലി.
ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരമിരിക്കുന്ന ശവപ്പെട്ടിക്കു മുന്നില്‍ തളര്‍ന്നിരിക്കുകയാണ് വൈശാലി.
ശരീരമെന്നു പറയാനാവില്ല, ശരീരത്തിന്റെ ഭാഗങ്ങളാണ് പെട്ടിയില്‍.അത്രയും എങ്കിലും കിട്ടിയല്ലോയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.ചാവേറിനടുത്താണ് ഗണേഷ് നിന്നിരുന്നത്. സ്‌ഫോടനത്തില്‍ ചിന്നിച്ചിതറിയ രാഘവേന്ദ്രന്‍ ഗണേഷിന്റെ അരയ്‌ക്കു കീഴ്ഭാഗം കാണാനേയില്ല. അമ്മാവന്‍ രഘുകുമാര്‍ പറഞ്ഞു.
2014 മാര്‍ച്ചിലായിരുന്നു വിവാഹം. ഫെബ്രുവരിയിലായിരുന്നു കടിഞ്ഞൂല്‍ സന്താനത്തിന്റെ പേരിടല്‍. അതു കഴിഞ്ഞ് ഉടന്‍ മടങ്ങിവന്ന് ഭാര്യയേയും കുഞ്ഞുമോനെയും കൂട്ടി ബ്രസല്‍സിന് പോകാമെന്നു പറഞ്ഞ് പോയതാണ് രാഘവേന്ദ്രന്‍. അര്‍ജുന്‍ കമിഴ്ന്നുവീണു തുടങ്ങി. ശബ്ദമൊക്കെ വച്ചുതുടങ്ങി. അതിന്റെ അടങ്ങാത്ത സന്തോഷത്തിലായിരുന്നു രാഘവേന്ദ്രന്‍. കുരുന്നിനെ കണ്‍നിറയെ കാണും മുന്‍പ് രാഘവേന്ദ്രന്‍ മടങ്ങി, അവന്റെ കിളിക്കൊഞ്ചലുകള്‍ ഇല്ലാത്ത ലോകത്തേക്ക്.
മാര്‍ച്ച് 22നുണ്ടായ ചാവേറാക്രമണത്തിനു ശേഷം 31കാരനായ രാഘവേന്ദ്രനെ കാണാനില്ലായിരുന്നു.വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് കൊല്ലപ്പെട്ടതായി മനസിലായത്. മെട്രോയില്‍ നിന്നാണ് രാഘവേന്ദ്രന്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചിരുന്നത്. മെട്രോയിലാണ് നിത്യേന സഹോദരന്‍ ഓഫീസില്‍ പോയിരുന്നത്്. അനുജന്‍ ചന്ദ്രശേഖര്‍ ഓര്‍ക്കുന്നു. ബ്രസല്‍സില്‍ എത്തിയ ചന്ദ്രശേഖറും ബന്ധുക്കളും മരിച്ചരുടേയും പരിക്കേറ്റവരുടേയും പട്ടികയില്‍ പരതിയെങ്കിലും പേരു കണ്ടെത്തിയില്ല. തുടര്‍ന്നാണ് തിരിച്ചറിയാത്ത ആറു മൃതദേഹങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞത്. അവ പരിശോധിച്ചപ്പോഴാണ് ആ സത്യം അറിഞ്ഞത്. ചന്ദ്രശേഖര്‍ പറഞ്ഞു.
ജീവനോടെയുണ്ടാകുമെന്നല്ലേ നിങ്ങള്‍ എന്നോട് പറഞ്ഞത്. എന്തിനാണ് നുണ പറഞ്ഞ് എന്റെ പ്രതീക്ഷകളെല്ലാം വളര്‍ത്തിയത്. നെഞ്ചുനുറുങ്ങുന്ന വേദനയോടെ വൈശാലി ചോദിക്കുന്നു. ബന്ധുക്കളെ വകഞ്ഞു മാറ്റി ശവപ്പെട്ടിക്കടുത്തേക്ക് കടന്നു ചെന്ന് അതിനരികില്‍ കുമ്പിട്ടു കിടന്ന് അവള്‍ പ്രിയതമനോട് ചോദിച്ചു; കാണണ്ടേ നമ്മുടെ മോന്റെ മുഖം….
ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരേഒരു ഭാരതീയനാണ് രാഘവേന്ദ്രന്‍. ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറായിരുന്നു.ബ്രേസ്‌ലറ്റും മോതിരവും കണ്ടാണ് രാഘേവേന്ദ്രനെ തിരിച്ചറിഞ്ഞത്.
















