കോളേരി : കോളേരി ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടികളുടെ സമാപനസമ്മേളനം ഏപ്രില്‍ ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. ഒരുവര്‍ഷം മുന്‍പ് ആരംഭിച്ച സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സി.രാഘവന് അദ്ധ്യക്ഷത വഹിക്കും.
കഴിഞ്ഞ സെപ്തംബറില്‍ കൃഷ്ണവിലാസ് യുപി സ്കൂളില്‍ നിന്നുള്ള വിളംബര റാലിയോടെയായിരുന്നു ആഘോഷപരിപാടികള്‍ക്ക് തുടക്കമിട്ടത്. നേത്രപരിശോധനാ ക്യാമ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കായിക മത്സരങ്ങള്‍, ആദ്യകാല കര്‍ഷകരെ ആദരിക്കലും ഉപഹാരസമര്‍പ്പണവും ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്കുള്ള സ്വീകരണവും ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറും മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ സംഘടിപ്പിച്ചു.
ഏപ്രില്‍ ഒന്നിന് നടക്കുന്ന സമാപനസമ്മേളനത്തില്‍ രാവിലെ പത്ത് മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കും. ഹൈസ്കൂളിലെ പൂര്‍വ്വകാല അദ്ധ്യാപകരെയും വിവിധ പുരസ്ക്കാരങ്ങള്‍ ലഭിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ആദരിക്കും. വൈകീട്ട് അഞ്ച് മണിക്ക് കൃഷ്ണവിലാസ് സ്കൂളില്‍നിന്നും സമാപന റാലി പുറപ്പെടും.
സാംസ്ക്കാരികസമ്മേളനത്തില്‍ കവി ജയചന്ദ്രന് കടമ്പനാട് മുഖ്യപ്രഭാഷണം നടത്തും. പി.ഭാസ്ക്കരന്‍ മാസ്റ്ററെയും പി.കെ.രവീന്ദ്രനാഥ് മാസ്റ്ററെയും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ബാബുരാജ് ആദരിക്കും. എംഎല്‍എ, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ തുടങ്ങി മറ്റു ജനപ്രതിനിധികളും സാമൂഹ്യ-സാംസ്ക്കാരക പ്രവര്‍ത്തകരും പങ്കെടുക്കും. സാംസ്ക്കാരിക സമ്മേളനത്തിനുശേഷം വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും തുടര്‍ന്ന് ഗാനമേളയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: