ന്യൂദല്‍ഹി: ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ സെമിയിലെത്തിയവരുടെ ലക്ഷ്യം കിരീടം തിരിച്ചുപിടിക്കുകയെന്നത്. അതായത് ലോകകപ്പിന് പുതിയൊരു അവകാശിയുണ്ടാകില്ല. നിലവിലെ ജേതാക്കള്‍ ശ്രീലങ്ക മടങ്ങിയതോടെ ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനും ആരുമില്ല. സെമിയിലെത്തിയ നാലു ടീമുകളും മുന്‍ ചാമ്പ്യന്മാര്‍. ഇന്ന് ന്യൂദല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കുമ്പോള്‍ നാളെ മുംബൈ വാംഖ്‌ഡെയില്‍ ഇന്ത്യയുമായി മുഖാമുഖമെത്തുന്നത് വെസ്റ്റിന്‍ഡീസ്.
ഇന്നത്തെ ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് ആദ്യ സെമിക്ക് തീവ്രതയേറും. കടലാസിലും പ്രകടന മികവിലും മുന്‍പില്‍ ന്യൂസിലന്‍ഡ്. ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പില്‍ ഒരു മത്സരവും തോല്‍ക്കാതെയാണ് കിവികളുടെ വരവ്. ഇംഗ്ലണ്ടാകട്ടെ വെസ്റ്റിന്‍ഡീസിനോട് മാത്രം തോറ്റു. കടുത്ത പോരാട്ടത്തിലൂടെയാണ് കിവികള്‍ തുടങ്ങിയതെങ്കിലും, ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെടുന്നു ടീം. ഇന്ത്യന്‍ സാഹചര്യങ്ങളുമായി തീര്‍ത്തും പൊരുത്തപ്പെട്ടു അവര്‍. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ഇരുന്നൂറിനപ്പുറമുള്ള ലക്ഷ്യം അനായാസം മറികടന്ന് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലേറി ഇംഗ്ലീഷ് പട. മുന്നില്‍നിന്ന് നയിക്കാന്‍ ശേഷിയുള്ള തന്ത്രശാലികളായ രണ്ടു നായകരുടെ, കെയ്ന്‍ വില്യംസണും ഇയാന്‍ മോര്‍ഗനും, പോരാട്ടം കൂടിയാകും മത്സരം.
ബ്രെണ്ടന്‍ മക്കല്ലത്തിന്റെ അഭാവം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു പ്രകടനത്തിലൂടെ തെളിയിക്കുന്നു കിവികള്‍. ഓള്‍റൗണ്ടര്‍മാരുടെ ധാരാളിത്തമുള്ള ടീം രണ്ട് മുന്‍ നിര ബൗളര്‍മാര്‍, ടിം സൗത്തിയെയും ട്രെന്റ് ബൗള്‍ട്ടിനെയും, പുറത്തിരുത്തിയാണ് ജയിച്ചു മുന്നേറിയത്. മിന്നുന്ന ഫോമില്‍ തുടരുന്ന ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്ടിലില്‍ തുടങ്ങുന്നു കിവികളുടെ ബാറ്റിങ് കരുത്ത്. സഹ ഓപ്പണറായെത്തുന്ന നായകന്‍ കെയ്ന്‍ വില്യംസണ്‍, മക്കല്ലത്തിന്റെ പകരക്കാരനായെത്തിയ കോളിന്‍ മണ്‍റോ, റോസ് ടെയ്‌ലര്‍, ഓള്‍റൗണ്ടര്‍മാരായ കോറി ആന്‍ഡേഴ്‌സണ്‍, ഗ്രാന്റ് എലിയട്ട്, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ലൂക്ക് റോഞ്ചി എന്നിവര്‍ ബാറ്റിങ്ങിന്റെ ആഴം വര്‍ധിപ്പിക്കുന്നു.
ബൗളിങ്ങില്‍ കരുത്തേറും കിവികള്‍ക്ക്. ഇന്ത്യന്‍ പിച്ചുകളെ അറിഞ്ഞ് പന്തെറിയുന്നു സ്പിന്നര്‍മാര്‍ മിച്ചല്‍ സാന്റ്‌നറും ഇന്ത്യന്‍ വംശജന്‍ ഇഷ് സോധിയും. എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇവര്‍ക്കാകുന്നു. ഗ്രാന്‍ഡ് എലിയട്ട്, മിച്ചല്‍ മക്ലെന്‍ഘന്‍, നഥാന്‍ മക്കല്ലം, കോറി ആന്‍ഡേഴ്‌സണ്‍ എന്നിവരും കളിഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ളവര്‍.
ബാറ്റിങ്ങില്‍ ഇംഗ്ലണ്ടും ശക്തര്‍. ജേസണ്‍ റോയും അലെക്‌സ് ഹെയ്്ല്‍സും നല്‍കുന്ന തുടക്കം ജോ റൂട്ടും ജയിംസ് ബട്‌ലറും നായകന്‍ ഇയാന്‍ മോര്‍ഗനും മുതലാക്കുന്നു. ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്‌സും മോയിന്‍ അലിയും കൂടി ചേരുമ്പോള്‍ സ്‌ഫോടക ശേഷി ഇരട്ടി. ബൗളിങ്ങില്‍ പക്ഷേ, ആശങ്കകള്‍ വിട്ടൊഴിയുന്നില്ല. മുന്‍നിരബൗളര്‍മാരുടെ അഭാവം പൂര്‍ണമായി നികത്താന്‍ സ്റ്റോക്‌സിനും ലിയാം പ്ലങ്കറ്റിനും മോയിന്‍ അലിക്കുമൊന്നും കഴിയുന്നില്ല. ക്രിസ് ജോര്‍ദന്‍, ഡേവിഡ് വില്ലി, ആദില്‍ റഷീദ് എന്നിവരും ബൗളിങ് വിഭാഗത്തിലുണ്ട്.
ഇവര്‍ക്ക് കിവി ബാറ്റ്‌സ്മാന്മാരെ പ്രതിസന്ധിയിലാക്കാനായാലേ ഇംഗ്ലണ്ടിന് പ്രതീക്ഷയ്‌ക്ക് വകയുള്ളു.
ലോകകപ്പില്‍ ഇതുവരെ നാലു തവണ ഇരു ടീമുകളും ഏറ്റുമുട്ടി, രണ്ട് ജയം വീതം സ്വന്തം. അതെല്ലാം ഗ്രൂപ്പ് മത്സരങ്ങളില്‍. ഉഭയകക്ഷി പരമ്പരയില്‍ അഞ്ചുവട്ടം ഇരു രാജ്യങ്ങളിലുമായി മുഖാമുഖമെത്തിയപ്പോള്‍ മുന്‍തൂക്കം ന്യൂസിലന്‍ഡിന്. മൂന്നു തവണ പരമ്പര കിവികള്‍ക്കൊപ്പം. ഇതില്‍ സ്വന്തം നാട്ടില്‍ ഇരുകൂട്ടര്‍ക്കും പരമ്പര നേടാനായിട്ടില്ലെന്നതും ചരിത്രം.
















