മുംബൈ: മുംബൈയിലെ മൂന്നിടങ്ങളില്‍ നടന്ന, പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനങ്ങളില്‍ വിധി വരുന്നത് 14വര്‍ഷത്തിനു ശേഷം. 2002 ഡിസംബര്‍ മുതല്‍ 2003 മാര്‍ച്ച് വരെയായിട്ടാണ് സ്‌ഫോടനങ്ങള്‍ നടന്നത്. 2014 ജൂലൈ ഒന്‍പതിനായിരുന്നു വിചാരണ തുടങ്ങിയത്. മൊത്തം 670 സാക്ഷികളാണ് കേസിലുള്ളത്.
അന്വേഷണ സംഘം സംഭവസ്ഥലങ്ങളില്‍ നിന്ന് നാല് എകെ 56 തോക്കുകള്‍, മൂന്നു പിസ്റ്റളുകള്‍, രണ്ടു റിവോള്‍വറുകള്‍, 250 കൈബോംബുകള്‍, നാല് ഗ്രനേഡുകള്‍, 160 വെടിയുണ്ടകള്‍, പൈപ്പ് ബോംബുകള്‍, സള്‍ഫ്യൂസിക് ആസിഡ്, നൈട്രിക് ആസിഡ്, അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം സയനൈഡ് എന്നിവ നിറച്ച കുപ്പികള്‍ എന്നിവ കണ്ടെടുത്തിരുന്നു. സംഭവത്തിനു പിന്നിലുള്ളവരെന്ന് കരുതുന്ന ലഷ്‌ക്കര്‍ ഭീകരരായ അബു സുല്‍ത്താന്‍, അബു അന്‍സാരി, മുഹമ്മദ് വാനി എന്നിവര്‍ 2003 മാര്‍ച്ച് 29ന് ജോഗേശ്വരിയിലുണ്ടായ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
.പ്രതികളില്‍ ഒരാളായ അന്‍വര്‍ അലി നാഷണല്‍ ഡിഫന്‍സ് കോളേജ് അധ്യാപകനായിരുന്നു. മറ്റൊരാള്‍ എംബിഎ ബിരുദധാരിയാണ്. മൂന്നു പേര്‍ ബിസിനസുകാരും ഒരാള്‍ ധനകാര്യ മാനേജരും ഒരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയറും ആയിരുന്നു. 44 കാരന്‍ ഖാന്‍ വാജുള്‍ ഖമറാണ് ഏറ്റവും ഒടുവില്‍ പിടിയിലായ ആള്‍.
















