ബംഗളൂരു: കടക്കെണി മൂലം ആത്മഹത്യ ചെയ്ത കർഷകന്‍ ലോകേഷിന്റെ മക്കളുടെ പഠനചെലവ് താൻ വഹിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് എം.പിയുടെ വാഗ്ദാനം പാഴ് വാക്കായി. നടി കൂടിയായ രമ്യയാണ് വാക്കു പാലിക്കാതെ കർഷക കുടുംബത്തെ വഞ്ചിച്ചത്.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സാക്ഷിയാക്കിയായിരുന്നു രമ്യയുടെ പ്രഖ്യാപനം. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് നാളുകളായിട്ടും കുട്ടികൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ല.
കർഷകന്റെ കുടുംബത്തെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി സന്ദർശിച്ച വേളയിലാണ് രമ്യ രണ്ട് മക്കളുടെയും പഠന ചെലവ് താൻ വഹിച്ചുകൊള്ളാമെന്ന് പ്രഖ്യാപിച്ചത്. അന്ന് രാഹുൽഗാന്ധി രമ്യയെ അഭിനന്ദിച്ചു. എന്നാൽ രാഹുൽഗാന്ധി പോയതിനു ശേഷം രമ്യ കുടുംബത്തെ തിരിഞ്ഞു നോക്കിയിട്ടില്ല.
കർണാടക സർക്കാർ നൽകാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപയും കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. കർഷകന്റെ കുടുംബത്തിന് ധനസഹായം നൽകാൻ രാഹുൽഗാന്ധി നിർദ്ദേശിച്ചതാണ്. എന്നാൽ ഇതും ജലരേഖയായി.
അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളാണ് ലോകേഷിനുള്ളത്. ഭാര്യയെ ഫോൺ വിളിച്ച് അന്വേഷിക്കാൻ പോലും രമ്യ തയ്യാറായിട്ടില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് രമ്യ ധനസഹായം പ്രഖ്യാപിച്ചതെന്നും രമ്യയെ ഫോൺ ചെയ്തപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഗ്രാമവാസികൾ ആരോപിക്കുന്നു.
















