കൊല്ലം: മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തെചൊല്ലിയുണ്ടായ എല്ലാ പ്രതിഷേധവും കെട്ടടങ്ങി. പിണറായി വിജയന്‍ നേരിട്ടെത്തി എതിര്‍പ്പുകളെ വകവയ്‌ക്കാതെ നടത്തിയ സമഗ്രാധിപത്യപ്രഖ്യാപനം അക്ഷരംപ്രതി ഏറ്റുവാങ്ങുകയാണ് ഫലത്തില്‍ ഇന്നലെ രാത്രിയിലുണ്ടായത്. സിറ്റിങ് എംഎല്‍എ പി.കെ.ഗുരുദാസന്‍, ദേശാഭിമാനി യൂണിറ്റ് മാനേജര്‍ വരദരാജന്‍, ലേഖകന്‍ ആര്‍.എസ്.ബാബു എന്നിവരെയെല്ലാം കടത്തിവെട്ടിയാണ് നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയായി നടന്‍ മുകേഷ് കൊല്ലത്തെത്തിയത്.
കൊല്ലത്ത് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചാണ് പിണറായി വിജയന്‍ പങ്കെടുത്ത ജില്ല കമ്മിറ്റിയോഗം അവസാനിച്ചത്. ഇരവിപുരം മണ്ഡലത്തില്‍ മുന്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.നൗഷാദിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ല കമ്മിറ്റി നിര്‍ദ്ദേശിച്ചു. അതേസമയം കൊല്ലത്ത് പി.കെ.ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ജില്ലകമ്മിറ്റിയില്‍ ഉയര്‍ന്ന ആവശ്യം പിണറായി വിജയനെ രോഷാകുലനാക്കി. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനും, ഇരവിപുരം സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാനുമായിരുന്നു പിണറായി വിജയന്റെ സാനിധ്യത്തില്‍ അഞ്ചാം തവണ ജില്ല സെക്രട്ടേറിയേറ്റും കമ്മിറ്റിയും ചേരേണ്ടി വന്നത്. സെക്രട്ടറിയേറ്റില്‍ മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിര്‍അഭിപ്രായമുയര്‍ന്നില്ല. എന്നാല്‍ ജില്ലകമ്മിറ്റിയില്‍ എന്‍.പത്മലോചനന്‍ ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടതോടെ പിണറായി രോക്ഷാകുലനായി. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് പി.കെ.ഗുരുദാസനെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ല എന്നു തീരുമാനിച്ചത്.
ഗുരുദാസന് കിട്ടിയ ഭൂരിപക്ഷം കുറയാതിരിക്കാനാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. മുകേഷിനെ പിന്‍വലിച്ചാല്‍ പാര്‍ട്ടിക്ക് അത് ക്ഷീണമുണ്ടാക്കും. ഇനി ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടെന്നും പിണറായി പറഞ്ഞു.
ആര്‍എസ്പി മുന്നണിവിട്ടതിനെ തുടര്‍ന്ന് സിപിഎം ഏറ്റെടുത്ത ഇരവിപുരം സീറ്റില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ എം.നൗഷാദിനെ മത്സരിപ്പിക്കാനും നിര്‍ദ്ദേശിച്ചു. കൊല്ലം മണ്ഡലം കമ്മിറ്റി കൂടാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാനം വേണ്ടെന്ന് വെച്ചശേഷമാണ് പിണറായി മടങ്ങിയത്.
















