കോഴിക്കോട്: പയ്യോളിയിലെ ബലിദാനി സി.ടി. മനോജ്കുമാറിന്റെ ഭാര്യക്കും സഹോദരനും ബന്ധുക്കള്‍ക്കുമെതിരെ വധശ്രമത്തിന് കേസ്. കഴിഞ്ഞ ദിവസം മനോജ്കുമാറിന്റെ ഭാര്യ പുഷ്പയെ വീടിനടുത്തുവെച്ച് കടപ്പുറം കിഴക്കേ താരേമ്മല്‍ നാണു അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. അക്രമം തടയാനെത്തിയ ബിജുവിനും മര്‍ദ്ദനമേറ്റു. എന്നാല്‍ തന്നെ മര്‍ദ്ദിച്ചുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നും കാണിച്ച് നാണു നല്‍കിയ പരാതിയില്‍ പുഷ്പക്കും സഹോദരന്‍ ബിജു, ബന്ധുക്കളായ മിനി, ഗീത, കണ്ടാലറിയാവുന്ന മറ്റു രണ്ടു സ്ത്രീകള്‍ എന്നിവര്‍ക്കെതിരെ 143, 147, 148, 447, 341, 323, 324, 308 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പയ്യോളി പോലീസ് കേസ്സെടുത്തിരിക്കുന്നത്. സഹോദരന്റെ വീട്ടില്‍ നിന്നും മനോജ്കുമാറിന്റെ വീട്ടിലേക്ക് പോകുന്ന വഴിയില്‍വെച്ചാണ് പുഷ്പ ആക്രമിക്കപ്പെട്ടത്. പുഷ്പ നല്‍കിയ പരാതിയില്‍ 341, 323, 354, 502, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്. പുഷ്പക്കും ബന്ധുക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്ത പോലീസ് നാണുവിനെതിരെ നിസ്സാര വകുപ്പുകള്‍ ചേര്‍ത്താണ് കേസ്സെടുത്തിരിക്കുന്നത്. പുഷ്പയുടെ പരാതിയില്‍ അറസ്റ്റിലായ നാണു റിമാന്റിലാണ്. പുഷ്പ, ബിജു എന്നിവര്‍ കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. പുഷ്പയെ അക്രമിച്ചെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത വീരപ്പന്‍ എന്ന നിധീഷിനെ പോലീസ് വിട്ടയക്കുകയും ചെയ്തു.
അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പയ്യോളി മുനിസിപ്പാലിറ്റിയില്‍ പൂര്‍ണമായിരുന്നു. പയ്യോളിയില്‍ ഇന്നലെ നടന്ന ബിജെപി പ്രതിഷേധ പ്രകടനത്തില്‍ നേതാക്കളായ കെ. ഫല്‍ഗുനന്‍, കെ. പ്രേംജിത്ത്, എ.കെ. ബൈജു, കെ. ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















