ന്യൂദല്‍ഹി: പത്താന്‍കോട് ഭീകരാ ക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഭാരതത്തിലെത്തിയ പാക് സംഘം ഇന്ന് പത്താന്‍കോട് വ്യോമസേന താവളത്തിലെത്തി തെളിവെടുക്കും. രാവിലെ വ്യോമതാവളത്തിലെത്തുന്ന സംഘം ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങള്‍ പരിശോധിക്കും. ഭീകരര്‍ എത്തിയ അതിര്‍ത്തി പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം വ്യാമതാവളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ പാക് സംഘത്തിന് സന്ദര്‍ശനാനുമതിയില്ല.
ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് പാക് സംഘം എത്തിയിരിക്കുന്നത്. ആദ്യമായാണ് പാക് പോലീസും രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദ ആക്രമണത്തെ സംബന്ധിച്ച് അന്വേഷിക്കാന്‍ ഭാരതത്തിലെത്തുന്നത്.
പത്താന്‍കോട്ടിലെത്തുന്ന പാകിസ്ഥാന്‍ സംഘത്തോടൊപ്പം എന്‍ഐഎ ഉദ്യോഗസ്ഥരുമുണ്ടാകും. വ്യോമത്താവളത്തിന് പുറമെ ഭീകരര്‍ ഭാരതത്തിലേക്ക് കടന്നുവെന്ന് കരുതുന്ന സ്ഥലത്തും ഗുരുദാസ്പൂര്‍ മുന്‍ എസ്പിയുടെ വാഹനം സഞ്ചരിച്ച വഴികളിലും തെളിവെടുക്കും.
പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് രൂപീകരിച്ച അഞ്ചംഗ പത്യേക അന്വേഷണ സംഘമാണ് തെളിവെടുപ്പിനായി എത്തിയിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോ ജനറല്‍ ലാഹോര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മൊഹമ്മദ് അസിം അര്‍ഷാദ്, ഐഎസ്‌ഐ ലഫ്.കേണല്‍ തന്‍വീര്‍ അഹമ്മദ്, മിലിറ്ററി ഇന്റലിജന്‍സ് ലഫ്.കേണല്‍ ഇര്‍ഫാന്‍ മിര്‍സ, തീവ്രവാദ വിരുദ്ധ വിഭാഗം അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് തഹിര്‍ റായ്, തീവ്രവാദ വിരുദ്ധ വിഭാഗം അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ശേഖരിച്ച തെളിവുകള്‍ പാക്കിസ്ഥാന്‍ സംഘവുമായി ഭാരതം പങ്കുവയ്‌ക്കും. പക്ഷേ, സാക്ഷികളെ ചോദ്യം ചെയ്യാനുള്ള അനുവാദം മാത്രമേ സംഘത്തിനു ലഭിക്കൂ. സുരക്ഷാ സേനാംഗങ്ങളെ ചോദ്യം ചെയ്യാന്‍ ഇവര്‍ക്കു കഴിയില്ല.
ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ഭീകരവാദ വിരുദ്ധ ഏജന്‍സി നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആക്രമണത്തിന്റെ പദ്ധതി പാകിസ്ഥാനിലാണ് രൂപപ്പെട്ടതെന്നും ജെയ്ഷ് ഇ മുഹമ്മദാണ് നേതൃത്വം നല്‍കിയതെന്നും ഭാരതം വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ ഭാരതം പാകിസ്ഥാനു കൈമാറിയിട്ടുണ്ട്.
ജനുവരി രണ്ടിന് പത്താന്‍കോട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് സൈനികരും ആറ് ഭീകരരും ഒരു സാധാരണ പൗരനും കൊല്ലപ്പെട്ടിരുന്നു.
















