മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ ഇന്ത്യയെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ച കോഹ്‌ലിക്ക് അകമ്പടിയായി നിരവധി റെക്കോര്‍ഡുകളും നേട്ടങ്ങളും.
ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 1500 റണ്‍സ് തികയ്‌ക്കുന്ന താരമെന്ന ബഹുമതി ഇനി കോഹ്‌ലിക്ക്. 42 മത്സരങ്ങളിെല 39 ഇന്നിങ്‌സുകളില്‍ നിന്ന് 1552 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തിയത്. 44 ഇന്നിങ്‌സില്‍ നിന്നാണ് ഗെയ്‌ലിന്റെ നേട്ടം.
സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ചുറി നേടിയ താരവും കോഹ്‌ലി തന്നെ. പത്തൊന്‍പത് തവണ സ്‌കോര്‍ ചേസ് ചെയ്ത് ബാറ്റ് ചെയ്യാനിറങ്ങിയ കോഹ്‌ലി അതില്‍ പത്ത് അര്‍ദ്ധസെഞ്ചുറിയാണ് സ്വന്തമാക്കിയിട്ടുള്ളത്. മാത്രമല്ല ലോക ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ബാറ്റ് ചെയ്ത് 400 റണ്‍സിലേറെ നേടിയ രണ്ടാമത്തെ താരമായി കോഹ്‌ലി. ആദ്യതാരം ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റല്‍.
ട്വന്റി 20യുടെ ചരിത്രത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ 19 ഇന്നിങ്‌സുകളില്‍ നിന്ന് കോഹ്‌ലി ഇതുവരെ നേടിയത് 918 റണ്‍സ്. ന്യൂസിലാന്‍ഡ് മുന്‍ താരം ബ്രണ്ടന്‍ മക്കല്ലം മാത്രമാണ് (38 ഇന്നിങ്‌സില്‍ നിന്ന് 1006) ഇക്കാര്യത്തില്‍ കോഹ്‌ലിക്ക് മുമ്പില്‍.
ട്വന്റി 20യില്‍ ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ നാല് അര്‍ദ്ധസെഞ്ചുറി നേടിയ താരവും കോഹ്‌ലി തന്നെ. ഓസ്‌ട്രേലിയക്കെതിരെ തുടര്‍ച്ചയായ ആറാം വിജയവും ധോണിപ്പട സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച് നേടുന്ന രണ്ടാമത്തെ താരവും കോഹ്‌ലി. ഒന്നാമത് പാക് നായകന്‍ ഷാഹിദ് അഫ്രീദി.
ഈ മത്സരത്തില്‍ ഒരു വിക്കറ്റ് വീഴ്‌ത്തിയതോടെ ട്വന്റി 20യില്‍ 50 വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറായി ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്‍ മാറി. തന്റെ 42-ാം മത്സരത്തിലാണ് അശ്വിന്റെ നേട്ടം. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ പന്ത്രണ്ടാം ബൗളറാണ് അശ്വിന്.
















