ന്യൂദല്‍ഹി: പത്താന്‍കോട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പാക്കിസ്ഥാന്‍ സംഘവുമായി ഭാരതം ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതാദ്യമായിട്ടാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു അന്വേഷണ സംഘം ഭാരതത്തില്‍ എത്തുന്നത്. പഞ്ചാബ് ഭീകരവിരുദ്ധ വിഭാഗം എഡിജിപി മുഹമ്മദ് താഹിര്‍ റായി, പാക് ഇന്റലിജന്‍സ് ബ്യൂറോ ലാഹോര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് അസിം അര്‍ഷാദ്, ഐഎസ്‌ഐ ഓഫീസര്‍ ലഫ്.കേണല്‍ തന്‍വീര്‍ അഹമ്മദ്, മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍ കേണല്‍ ഇര്‍ഫാന്‍ മിശ്ര, സിടിഡി ഓഫീസര്‍ ഗുജറാന്‍വാല എന്നിവരടങ്ങിയ സംയുക്ത സംഘത്തെ എന്‍ഐഎ ആസ്ഥാനത്ത് ഐജി സഞ്ജീവ് കുമാര്‍ സിന്‍ഹ സ്വീകരിച്ചു.
ഭീകരാക്രമണത്തിന്റെ തെളിവുകള്‍ സംബന്ധിച്ച് വിശദമായ അവതരണമാണ് പാക് സംഘത്തിന് എന്‍ഐഎ നല്‍കിയത്. ആക്രമണ പദ്ധതി നടന്നത് പാക്കിസ്ഥാനിലാണെന്ന തെളിവുകള്‍ കാണിച്ചു. പാക് സംഘം ഇന്ന് പത്താന്‍കോട് സന്ദര്‍ശിക്കും. പാക്കിസ്ഥാന്‍ ആസ്ഥാനമായ ജെയ്ഷ് ഇ മുഹമ്മദ് ഭീകരരാണ് കഴിഞ്ഞ ജനുവരി രണ്ടിന് പത്താന്‍കോട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയത്.
രാവിലെ നടന്ന യോഗത്തില്‍ പാക് സംഘത്തിന്റെ സംശയങ്ങള്‍ക്ക് വ്യക്തമായ വിശദീകരണങ്ങള്‍ എന്‍ഐഎ നല്‍കി. പഞ്ചാബ് പോലീസ് സൂപ്രണ്ട് സല്‍വിന്ദര്‍ സിങ്, ജ്വല്ലറി സുഹൃത്ത് രാജേഷ് വര്‍മ്മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍, ആക്രമണത്തില്‍ പരിക്കേറ്റ 17 പേര്‍ എന്നീ സാക്ഷികളെയാണ് ഭാരതം പാക് സംഘത്തിന് മുമ്പില്‍ ഹാജരാക്കുന്നത്.
പാക് സംഘം മടങ്ങിയ ശേഷം ഭാരത അന്വേഷണ സംഘത്തിന് പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച് തെളിവെടുക്കുവാന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















