ന്യൂദല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കോണ്‍ഗ്രസ് നാശത്തിന്റെ വക്കിലാണ്. അതിന് കാരണം മികച്ച നേതൃത്വമില്ലാത്തതാണ്. ഒരിക്കല്‍ വിപണിയില്‍ കുത്തകയുണ്ടായെങ്കിലും പുതിയ മോഡലുകള്‍ വന്നപ്പോള്‍ നിലവാരമില്ലാതെ പുറത്തുപോയ കാറുകളെ പോലെയാണ് കോണ്‍ഗ്രസെന്ന് ജെയ്റ്റ്‌ലി പരിഹസിച്ചു.
ഒന്നിനുപുറകെ ഒന്നായി സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. നേതൃത്വത്തിന്റെ കഴിവില്ലായ്‌മയിലൂടെയാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടുക്കൊണ്ടിരിക്കുന്നത്. ആറുപതിറ്റാണ്ടായി ഭാരത രാഷ്‌ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി. ഇതില്‍ 50 വര്‍ഷവും അധികാരത്തിലായിരുന്നു. എന്നാല്‍ ഇന്ന് ഒരു മുഖ്യധാരാ പാര്‍ട്ടിയെടുക്കേണ്ട തീരുമാനങ്ങളല്ല അവര്‍ എടുക്കുന്നത്.
പുരോഗതിയെ തടസ്സപ്പെടുത്തുന്ന അവരുടെ നടപടികളാണ് പാര്‍ട്ടിയുടെ വിജയത്തെ ഇന്ന് അളക്കപ്പെടുന്നത്. ഗുണത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് കഴിവില്ലാത്ത അബദ്ധ നേതൃത്വമാണ് ഇന്നുള്ളത്. ഇതിന്റെ പ്രതിഫലനമാണ് സംഭവിക്കുന്നത്. തീരുമാനമെടുക്കുന്ന കേന്ദ്രനേതൃത്വവുമായി ഉന്നത നേതാക്കള്‍ക്ക് വരെ ചര്‍ച്ച നടത്താനാവില്ലെന്ന പരാതിയുമുണ്ടെന്നും ജെയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചു.
വലിയൊരു പങ്ക് രാഷ്‌ട്രീയ പാര്‍ട്ടികളും ഒരു കുടുംബത്തിന് ചുറ്റുമുള്ള ആള്‍കൂട്ടമായി മാറുകയാണ്. പുതിയ തലമുറയുടെ കരുത്തിലാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഇത് നഷ്ടമായി കഴിഞ്ഞു. കേരളം, ആസാം, അരുണാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണം നിലനില്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പോടെ ഈ സംസ്ഥനങ്ങളില്‍നിന്നും കോണ്‍ഗ്രസ് പുറംതള്ളപ്പെടാന്‍ പോവുകയാണ്.
പഞ്ചാബില്‍ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടു, അത് തന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. ബംഗാളിലെ അവസ്ഥയെന്താണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിച്ഛായ പൂര്‍ണ്ണമായും തകര്‍ന്ന് കഴിഞ്ഞു. ആസാമിലെ മുതിര്‍ന്ന നേതാക്കളെല്ലാം ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ദല്‍ഹിയില്‍ എട്ടു ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഉത്തരാഖണ്ഡിലെ പ്രതിസന്ധിക്ക് കാരണം. കേന്ദ്രനേതൃത്വത്തോട് ഇവര്‍ക്ക് ചര്‍ച്ച നടത്തുവാന്‍ പോലും സാധിക്കുന്നില്ല. മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഒരിക്കലും ജെഎന്‍യു പോലുള്ള വിഷയങ്ങള്‍ രാഷ്‌ട്രീയവല്‍ക്കരിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ തീവ്രഇടതുപക്ഷത്തിന്റെ കെണിയില്‍ കോണ്‍ഗ്രസ് വീഴുകയായിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
















