ന്യൂദല്‍ഹി: രാജ്യത്താകമാനം അഞ്ചുലക്ഷം കുളങ്ങള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കായി മാറ്റിവെയ്‌ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജലസംഭരണത്തിനായി വലിയ ഊന്നല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുകയാണെന്നും മന്‍കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഓരോ ഗ്രാമവും ജലം സംരക്ഷിക്കണം. വരുന്ന മഴക്കാലങ്ങളില്‍ ഓരോ തുള്ളിവെള്ളവും എങ്ങിനെ സംരക്ഷിക്കാം എന്ന് ആലോചിക്കണം. ഗ്രാമത്തിലെ വെള്ളം ഗ്രാമത്തില്‍ തന്നെ സംരക്ഷിക്കാം. ഈ പദ്ധതി എങ്ങിനെ നടപ്പാക്കും? നിങ്ങള്‍ ആസൂത്രണം ചെയ്യുവിന്‍. സര്‍ക്കാരിന്റെ പദ്ധതികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവിന്‍. അങ്ങിനെ ഇതൊരു ജനപങ്കാളിത്ത പരിപാടിയായി മാറണം. ഇതിലൂടെ ജലത്തിന്റെ മാഹാത്മ്യം എല്ലാവരും മനസ്സിലാക്കട്ടെ. ജലസംഭരണത്തിനായി എല്ലാവരും ഒരുമിക്കട്ടെ. ഈ കാര്യം നിര്‍വ്വഹിക്കുന്ന ഏതെങ്കിലും ഒരു ഗ്രാമം, പുരോഗമന ചിന്താഗതിക്കാരായ കര്‍ഷകര്‍, ഏതെങ്കിലും ജാഗരൂകരായിട്ടുള്ള പൗരന്മാര്‍ ആരെങ്കിലും നമ്മുടെ രാജ്യത്ത് കാണും. എന്നിരുന്നാലും ഈ മേഖലയില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
ലോക ആരോഗ്യദിനമായ ഏപ്രില്‍ ഏഴിന് പ്രമേഹ നിര്‍മ്മാര്‍ജ്ജനം എന്ന മുദ്രാവാക്യമാണ് നാമുയര്‍ത്തുന്നതെന്നും ജീവിതചര്യകളിലൂടെ പ്രമേഹത്തില്‍ നിന്നും മുക്തി നേടാമെന്നും അദ്ദേഹം പറഞ്ഞു. ടിബിയില്‍നിന്നും ജനങ്ങള്‍ മുക്തി നേടുന്നതിനായി 13,500ലധികം മൈക്രോസ്‌കോപ്പി സെന്ററുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കരിഖനികളെ പോലും വിനോദ സഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിച്ച് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ വിനോദ സഞ്ചാര രീതി ആരംഭിച്ച നാഗ്പൂരിനടുത്തുള്ള സാവനേറിലെ വെസ്റ്റേണ്‍ കോള്‍ ഫീല്‍ഡിസ് ലിമിറ്റഡിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അണ്ടര്‍ 17 ഫിഫ ഫുട്‌ബോള്‍ 2017ല്‍ രാജ്യത്തെത്തുമ്പോള്‍ യുവജനങ്ങള്‍ ഫുട്‌ബോള്‍ എന്ന കായികമേഖലയെ കൂടുതല്‍ ആവേശത്തോടെ സ്വീകരിക്കണമെന്നും ഭാരതത്തിന്റെ ഫുട്‌ബോളിലെ പഴയകാല പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരംഭിച്ച മന്‍കീ ബാത്തില്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കിസാന്‍ സുവിധാ ആപ് എല്ലാവരും ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. കൃഷി, കാലാവസ്ഥ, വിളവുകള്‍, വളങ്ങള്‍ തുടങ്ങിയ നിരവധികാര്യങ്ങള്‍ കിസാന്‍ സുവിധാ ആപ്പിലുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
















