മയാമി: വനിതാ ടെന്നീസിലെ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ് കരിയറിലെ 750ാം ജയത്തോടെ മയാമി ഓപ്പണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍. കസാഖിസ്ഥാന്റെ സറിന ദിയാസിനെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കിയാണ് സെറീന ഒമ്പതാം മയാമി കിരീടത്തിലേക്കുള്ള ദൂരം കുറച്ചത്, സ്‌കോര്‍: 7-5, 6-3. മൂന്നു ജയങ്ങള്‍ കൂടി നേടിയാല്‍ ലിന്‍ഡ്‌സെ ഡാവന്‍പോര്‍ട്ടിന്റെ 753 ജയങ്ങള്‍ക്കൊപ്പമെത്താം അമേരിക്കന്‍ താരത്തിന്. 1,442 ജയങ്ങള്‍ സ്വന്തമാക്കിയ മാര്‍ട്ടിന നവരത്‌ലോവയാണ് ജയങ്ങളില്‍ മുന്‍പില്‍. കരിയറില്‍ 125 കളികളില്‍ മാത്രമെ സെറീന തോല്‍വിയറിഞ്ഞിട്ടുള്ളു.
റഷ്യയുടെ സ്വെറ്റ്‌ലാന കുസ്‌നെട്‌സോവയാണ് സെറീനയുടെ നാലാം റൗണ്ട് എതിരാളി. ഫ്രാന്‍സിന്റെ കരോളിന്‍ ഗാര്‍ഷ്യയെ കടുത്ത പോരാട്ടത്തില്‍ കീഴടക്കി സ്വെറ്റ്‌ലാന, സ്‌കോര്‍: 4-6, 6-2, 7-6. പോളണ്ടിന്റെ അഗ്നീസ്‌ക റഡ്വാന്‍സ്‌ക, റൊമാനിയയുടെ സിമോണ ഹാലെപ്പ്, സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ടിമിയ ബാക്‌സിന്‍സ്‌കി, റഷ്യയുടെ എകാത്രിന മകരോവ, വൈല്‍ഡ് കാര്‍ഡുമായെത്തിയ ബ്രിട്ടന്റെ ഹീതര്‍ വാട്‌സണ്‍ എന്നിവരും പ്രീ ക്വാര്‍ട്ടറിലെത്തി.
















