മോസ്‌ക്കോ: ദിവസങ്ങള്‍ക്കു മുന്‍പ് റഷ്യയില്‍ തകര്‍ന്നു വീണ ഫ്‌ളൈദുബായ് വിമാനത്തിന്റെ പൈലറ്റുമാരുടെ സംഭാഷണം പുറത്ത്. തകരും മുന്‍പ് അവര്‍ നടത്തിയ സംഭാഷണം അവരുടെ ആശയക്കുഴപ്പവും പൈലറ്റുമാരുടെ പിഴവുമാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു.
ആരും വിഷമിക്കേണ്ടെന്ന് പൈലറ്റ് പറയുന്നതാണ് ആദ്യം കേള്‍ക്കുന്നത്. പിന്നെ അത് ചെയ്യരുതെന്ന് പറയുന്നത് കേള്‍ക്കാം. ഒടുവില്‍ പറയുന്നത് ഉയര്‍ത്തൂ എന്നാണ്. കോക്പിറ്റ് വോയിസ് റെക്കാര്‍ഡറില്‍ നിന്നാണ് സംഭാഷണം ലഭിച്ചത്.
മോശം കാലാവസ്ഥയില്‍ ആദ്യം ഇറങ്ങാന്‍ കഴിയാതിരുന്ന വിമാനം രണ്ടുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ഇറങ്ങാന്‍ ശ്രമിച്ചപ്പോഴും കാലാവസ്ഥ മോശം തന്നെയായിരുന്നു. അടിയന്തരമായി നിലത്തിറക്കാനുള്ള ശ്രമത്തില്‍ വിമാനം നിലത്തിടിച്ച് തകരുകയായിരുന്നു. വിമാനം സ്വയം നിയന്ത്രിക്കുന്ന ഓട്ടോ മോഡ് ഓഫാക്കിയതോടെ വിമാനത്തിന്റെ സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു.
പിന്നെ പൈലറ്റുമാര്‍ സ്വന്തമായി വേണം അപ്പോഴത്തെ അവസ്ഥക്കനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ക്കുണ്ടായ ആശയക്കുഴപ്പമാണ് വിമാനം നിലത്തിടിച്ച് തകരാന്‍ കാരണമായത്. പെരുമ്പാവൂര്‍ വെങ്ങോല സ്വദേശികളായ ദമ്പതികള്‍ അടക്കം 62 പേരാണ് അപകടത്തില്‍ മരിച്ചത്.
















