കോട്ടയം: പാരഡി ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പ്രമുഖ കാഥികനും ചലച്ചിത്ര താരവുമായ വി.ഡി രാജപ്പന് (66) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ സുലോചനയും മക്കളായ രാജേഷ്, രാജീവ് എന്നിവരും അടുത്തുണ്ടായിരുന്നു.
വിവരമറിഞ്ഞ് കോട്ടയത്തെ ആശുപത്രിയിലേക്ക് ആരാധകര്‍ ഒഴുകിയെത്തി. പിന്നീട് പേരൂരിലെ വസതിയിലേക്ക് ഭൗതികദേഹം കൊണ്ടുപോയി. ജനപ്രതിനിധികള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, കലാകാരന്മാര് തുടങ്ങി സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ വസതിയിലെത്തി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പില്‍ നടക്കും.
മലയാള സിനിമാ ഗാനങ്ങളുടെ പാരഡികള്‍ നിറഞ്ഞ കഥാപ്രസംഗങ്ങളിലൂടെയാണ് വി.ഡി രാജപ്പന് ജനകീയനായത്. നൂറോളം സിനിമകളില്‍ ഇദ്ദേഹം വ്യത്യസ്ത ഹാസ്യ കഥാപാത്രങ്ങള്‍ക്ക് വേഷമിട്ടിട്ടുണ്ട്. ആലിബാബയും ആറര കള്ളന്മാരും എന്നചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. കേരളത്തിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ ഹാസ്യപരിപാടി അവതരിപ്പിച്ചു. ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര, പോത്തുപുത്രി, കുമാരി എരുമ, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങി മുപ്പത്തേഴോളം ഹാസ്യ കഥാപ്രസംഗങ്ങള്‍ കാസറ്റുകളായി പുറത്തിറക്കി. പൊതുവേദികളില്‍ അവതരിപ്പിക്കപ്പെട്ട ഈ കഥാപ്രസംഗങ്ങള്‍ക്ക് ഏറെ ജനപിന്തുണ നേടാന്‍ കഴിഞ്ഞു. കക്ക, കുയിലിനെത്തേടി, പഞ്ചവടിപ്പാലം, ആനക്കൊരുമ്മ, എങ്ങനെ നീ മറക്കും, വീണ്ടും ചലിക്കുന്ന ചക്രം, ആട്ടക്കലാശം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നിവ പ്രധാന സിനിമകളില്‍ ചിലതുമാത്രമാണ്. നാലോളം സിനിമാഗാനങ്ങളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
ഗാനരംഗത്ത് പാരഡിയുടെ പാത വെട്ടിത്തുറന്ന് പ്രേക്ഷക മനസ്സുകളില്‍ ഇടംപിടിച്ച കലാകാരനായിരുന്നു വി.ഡി.രാജപ്പന്. എഴുപതുകളിലാണ് തമാശയില്‍ ചാലിച്ചെടുത്ത കഥാപ്രസംഗവുമായി രാജപ്പന് മലയാളക്കരയെ കീഴടക്കിയത്. സിനിമാഗാനങ്ങളുടെ പാരഡി തയാറാക്കുന്നതിലും അദ്ദേഹം അസാമാന്യ കഴിവ് തെളിയിച്ചു. കഥാപ്രസംഗങ്ങളിലൂടെയും സിനിമകളിലൂടെയും ജനമനസ്സുകളില്‍ ഇടംനേടിയ വി.ഡി. രാജപ്പന് ഏഴുവര്‍ഷമായി രോഗശയ്യയിലായിരുന്നു. അമ്മയില്‍ നിന്നു പ്രതിമാസം ലഭിക്കുന്ന കൈനീട്ടവും പെന്‍ഷനുമായിരുന്നു അവസാന നാളുകളിലെ വരുമാനം. ഏറ്റുമാനൂരിനു സമീപം പേരൂരിലെ വീട്ടിലായിരുന്നു ഭാര്യയ്ക്കൊപ്പം താമസം. ഉത്സവപ്പറമ്പുകള്‍ ജനസമുദ്രങ്ങളാക്കിയ പ്രശസ്ത കാഥികന് ഇനി ജനമനസ്സുകളില്‍ ഒരു ദീപ്തനാളമായി ശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: