തലശ്ശേരി: റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നുപോകുകയായിരുന്ന യാത്രക്കാരനില്‍ നിന്നും പണവും സ്വര്‍ണ്ണമാലയും തട്ടിപ്പറിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഇരിട്ടി പയഞ്ചേരിയിലെ ചെറുവട്ടി അര്‍ഷാദ് (21), ഇരിട്ടി കൊയിലേരി അഭിജിത്ത് (19) എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ഇടുക്കി സ്വദേശി ഏലപ്പാറയില്‍ ജയന്റെ 9000 രൂപയും കഴുത്തിലണിഞ്ഞ മാലയുമാണ് സംഘം തട്ടിയെടുത്തത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. നേരത്തെ തലശ്ശേരിയിലെ രണ്ടു ഹോട്ടലുകളിലും മാഹിയിലെ ബാറിലും ജോലിചെയ്തിരുന്ന ജയന്‍ അവിടെനിന്നും കിട്ടുവാനുള്ള പണം വാങ്ങുവാന്‍ എത്തിയതായിരുന്നു തലശ്ശേരിയില്‍. പണവും വാങ്ങി നാട്ടിലേക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു പിടിച്ചുപറി നടന്നത്. ഇതില്‍ മാല മുക്കുപണ്ടമായിരുന്നു. കണ്ണൂര്‍, തലശ്ശേരി, കൊച്ചി, കോയമ്പത്തൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരങ്ങളില്‍ ഇവര്‍ പിടിച്ചുപറി നടത്തിയിട്ടുണ്ട്. ഇരുവരെയും കോടതി റിമാന്റ് ചെയ്തു.
















