ജമൈക്ക: വേഗത്തിന്റെ ചക്രവര്‍ത്തി ഉസൈന്‍ ബോള്‍ട്ട് ഈ വര്‍ഷം നടക്കുന്ന റിയോ ഒളിമ്പിക്‌സോടെ ട്രാക്കിനോട് വിടപറയും. റിയോ ഡി ജനീറോയിലേത് തന്റെ കരിയറിലെ അവസാന ഒളിമ്പിക്‌സ് ആയിരിക്കുമെന്ന് ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് അറിയിച്ചു. നേരത്തെ 2020-ലെ ടോക്കിയോ ഒളിമ്പിക്‌സ് വരെ കരിയര്‍ ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞ ജനുവരിയില്‍ ബോള്‍ട്ട് പറഞ്ഞിരുന്നു.
രണ്ട് ഒളിമ്പിക്‌സുകളില്‍ നിന്ന് ആറ് സ്വര്‍ണ്ണവും ലോകചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണ്ണവും നേടിയ ബോള്‍ട്ട് ട്രാക്കിലെ വേഗതയുടെ പര്യായമാണ്. 2008ലെ ബീജിങ്, 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സുകളില്‍ 100, 200, 100 മീറ്റര്‍ റിലേ എന്നിവയിലാണ് ബോള്‍ട്ട് സ്വര്‍ണ്ണം നേടിയിട്ടുള്ളത്.
ഇനി റിയോയില്‍ മൂന്നു സ്വര്‍ണ്ണമെഡലുകള്‍ നേടുകയെന്നതാണ് തന്റെ സ്വപ്നം.
എന്നാല്‍ 200 മീറ്ററില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു. ഈ ലക്ഷ്യത്തിലേക്കാണ് തന്റെ പ്രയാണം. അതും കൂടി സാധിച്ചാല്‍ പിന്നീട് 2020 വരെ ട്രാക്കില്‍ തുടരാനുള്ള പ്രചോദനം തനിക്ക് ലഭിക്കില്ലെന്നും 29 കാരനായ ബോള്‍ട്ട് വ്യക്തമാക്കി.
100, 200 മീറ്ററുകളില്‍ ലോകറെക്കോര്‍ഡ് ബോള്‍ട്ടിന്റെ പേരിലാണ്.
2009ലെ ബെര്‍ലിനില്‍ ലോകചാമ്പ്യന്‍ഷിപ്പിലാണ് ബോള്‍ട്ട് 100 മീറ്ററില്‍ 9.59 സെക്കന്റിലും 200 മീറ്ററില്‍ 19.19 സെക്കന്റിലും പറന്നെത്തി തന്റെ തന്നെ പേരിലുള്ള ലോക റെക്കോര്‍ഡ് തിരുത്തിയെഴുതിയത്. 200 മീറ്ററില്‍ ബര്‍ലിനിലെ സമയത്തെ റിയോയില്‍ പഴങ്കഥയാക്കുമെന്നും ബോള്‍ട്ട് പറഞ്ഞു.
















