ധര്‍മ്മശാല: തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യന്‍ വനിതകള്‍ ട്വന്റി 20 ലോകകപ്പില്‍ സെമിയില്‍ കടക്കാതെ ഏറെക്കുറെ പുറത്തായി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനോട് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം രണ്ട് റണ്‍സിന് പരാജയപ്പെട്ട ഇന്ത്യന്‍ വനിതകള്‍ ഇന്നലെ ഇംഗ്ലണ്ടിനോടും പരാജയം രുചിച്ചു. രണ്ട് വിക്കറ്റിനായിരുന്നു പരാജയം.
ഗ്രൂപ്പ് ബിയില്‍ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച വിന്‍ഡീസും ഇംഗ്ലണ്ടുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ഇന്ത്യ രണ്ട് പോയിന്റുമായി മൂന്നാമത്. ഇന്ത്യക്ക് ഇനി 27ന് വെസ്റ്റിന്‍ഡീസുമായുള്ള മത്സരമാണ് ബാക്കിയുള്ളത്. ഇതില്‍ ജയിച്ചാലും ഇന്ത്യക്ക് നാല് പോയിന്റേ ആകുകയുള്ളൂ. സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 20 ഓവറില്‍ എട്ടിന് 90. ഇംഗ്ലണ്ട് 19 ഓവറില്‍ 9ന് 92. ഇനിയുള്ള ഒരു മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും വെസ്റ്റിന്‍ഡീസും ഇംഗ്ലണ്ടും അടുത്ത രണ്ട് മത്സരങ്ങളിലും പരാജയപ്പെടുകയും ചെയ്തലേ ഇന്ത്യക്ക് നേരിയ പ്രതീക്ഷക്കെങ്കിലും വകയുള്ളൂ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് മോശം തുടക്കം. സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്നേ വനിതയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് ക്രീസിലെത്തിയ ആര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞതുമില്ല. ഇന്ത്യക്ക് വേണ്ടി 25 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ ടോപ്‌സ്‌കോറര്‍. നായിക മിഥാലി രാജ് 20ഉം റണ്‍സ് നേടി. അനൂജ പാട്ടീല്‍ 13ഉം സ്മൃതി മന്ഥന, ശിഖ പാണ്ഡെ എന്നിവര്‍ 12ഉം റണ്‍സ് വീതം നേടി. ഇംഗ്ലണ്ടിന് വേണ്ടി ഹീത്തര്‍ നൈറ്റ് മൂന്നും അന്യ ഷൊബ്‌സോലെ രണ്ടും വിക്കറ്റുകളും വീഴ്‌ത്തി. ഹീത്തര്‍ നൈറ്റ് മത്സരത്തിലെ താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു ഓവര്‍ ബാക്കിനില്‍ക്കേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്താണ് വിജയം നേടിയത്. ഒരു ഘട്ടത്തില്‍ ഒന്നിന് 42 എന്ന നിലയില്‍ നിന്ന് ഇംഗ്ലണ്ട് എട്ടിന് 87 എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും നാല് റണ്‍സെടുത്ത് പുറത്താകാതെ നിന്ന കാതറിന്‍ ബ്രന്റും അഞ്ച് റണ്‍ നേടിയ അന്യ ഷൊബ്‌സോലെയും ചേര്‍ന്ന് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 20 റണ്‍സെടുത്ത ടമി ബ്യുമോണ്‍ട് ഇംഗ്ലീഷ് നിരയിലെ ടോപ്‌സ്‌കോര്‍. നഥാലി സ്‌കിവര്‍ 19ഉം സാറാ ടെയ്‌ലര്‍ 16ഉം റണ്‍സെടുത്തു.
മൂന്നുപേര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യന്‍ വനിതകളില്‍ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ഏക്ത ബിഷ്തും 22 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഹര്‍മന്‍പ്രീത് കൗറും മികച്ച ബൗളിങ് കാഴ്ചവെച്ചു.
















