നെടുമ്പാശ്ശേരി: മൂഴിക്കുളം ചീരകത്തില്‍ അഗസ്റ്റിന്‍ ആന്റണിയുടെ അറുപതോളം മുട്ടയിടുന്ന കരിങ്കോഴികളെയും ആസ്ട്രാവൈറ്റ് കോഴികളെയും തെരുവ്‌നായ്‌ക്കള്‍ കൊന്നുതിന്നു. കടിച്ചുകീറിയാണ് തെരുവുനായ്‌ക്കൂട്ടം കോഴികളെ കൊന്നത്.
രാത്രി 12 മണിയോടെ കോഴിയുടെ ശബ്ദംകേട്ട് ഉണര്‍ന്ന ആന്റണിയും കുംടുബവും നായ്‌ക്കളെ ഓടിച്ചപ്പോള്‍ നായ്‌ക്കൂട്ടം ഇവരെയും കടിക്കുവാന്‍ ശ്രമിച്ചു. മണ്ണുത്തി മൃഗസംരക്ഷണവകുപ്പില്‍നിന്നും വാങ്ങിയ എണ്‍പതോളം കരിങ്കോഴികളില്‍ അറുപതോളം കോഴികളെയാണ് നായ്‌ക്കൂട്ടം കൊന്നുതിന്നത്.
പ്രദേശത്ത് വന്‍തോതില്‍ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ക്കായി അന്‍പതോളം നായ്‌ക്കള്‍ കറങ്ങിനടക്കുന്നുണ്ട്. രാവിലെ നടക്കാന്‍ പോകുന്നവരെയും വിദ്യാര്‍ത്ഥികളെയും നായ്‌ക്കള്‍ ആക്രമിക്കുക പതിവാണ്. ദിവസങ്ങളായി പ്രദേശത്തെ പല വീടുകളിലും വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായിരുന്നു. അയിരൂര്‍ പുളിഞ്ചോട് ചന്ദ്രന്റെ വീട്ടിലെ പ്രസവിച്ച ആടിനെയും 20 ദിവസം പ്രായമായ കുഞ്ഞിനെയും തെരുവുനായ്‌ക്കള്‍ കൊന്നുതിന്നിരുന്നു. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാന്‍ സര്‍ക്കാരോ പഞ്ചായത്ത് ഭരണസമിതിയോ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയില്‍, വാര്‍ഡ്‌മെമ്പര്‍ സി.എം. വര്‍ഗീസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ച് നായ്‌ക്കളെ വന്ധീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാമെന്ന്ഉറപ്പുനല്‍കി.
















