ബെംഗളൂരു: ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 157 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ മഹ്മദുള്ളയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തുകൡ നിന്ന് 7 ഫോറും ഒരു സിക്‌സറുമടക്കം മഹ്മദുള്ള പുറത്താകാതെ 49 റണ്‍സ് നേടി. 25 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും 23 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് മിഥുനും ഭേദപ്പെട്ട പ്രകടനം നടത്തി. 11 പന്തില്‍ നിന്ന് പുറത്താകാതെ 15 റണ്‍സുമായി മുഷ്ഫിഖറും ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 60 റണ്‍സെടുത്തിട്ടുണ്ട്. 38 റണ്‍സുമായി ഉസ്മാന്‍ കവാജയും 20 റണ്ണുമായി ഷെയ്ന്‍ വാട്‌സണും ക്രീസില്‍.
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. സ്‌കോര്‍ബോര്‍ഡില്‍ രണ്ട്‌റണ്‍ മാത്രമുള്ളപ്പോള്‍ ഒരു റണ്‍സെടുത്ത സൗമ്യ സര്‍ക്കാരിനെ വാട്‌സന്റെ പന്തില്‍ മാക്‌സ്‌വെല്‍ പിടികൂടി. പിന്നീട് സ്‌കോര്‍ 25-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത സാബിര്‍ റഹ്മാനും വാട്‌സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് മുഹമ്മദ് മിഥുനും ഷക്കിബും ചേര്‍ന്ന് സ്‌കോര്‍ 62-ല്‍ എത്തിച്ചു. 22 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത മുഹമ്മദ് മിഥുനെ സാംപയുടെ പന്തില്‍ വാട്‌സണ്‍ പിടികൂടിയതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു.
തുടര്‍ന്ന് സ്‌കോര്‍ 70-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ഷുവാഗതയെ സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്‌കോര്‍ 105-ല്‍ എത്തിയപ്പോള്‍ ഷാക്കിബും മടങ്ങി. സാംപക്ക് വിക്കറ്റ്. പിന്നീടാണ് മഹ്മദുള്ള മുഷ്ഫിഖര്‍ റഹിം കൂട്ടുകെട്ട് അരങ്ങുതകര്‍ത്തത്. 4.4 ഓവറില്‍ 51 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഓസ്‌ട്രേലിയക്കായി സാംപ 23 റണ്‍സിന് മൂന്നും വാട്‌സണ്‍ 31 റണ്‍സിന് രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
















