മൊഹാലി: ട്വന്റി 20 ലോകപ്പില്‍ ഇന്ന് ന്യൂസിലാന്‍ഡ്-പാക്കിസ്ഥാന്‍ പോരാട്ടം. ഇന്ത്യയോടേറ്റ തോല്‍വിയോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട പാക്കിസ്ഥാന് സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് കിവികള്‍ക്കെതിരെ വിജയം അനിവാര്യം. ആദ്യ മത്സരത്തില്‍ ഇന്ത്യയെയും രണ്ടാം കളിയില്‍ ഓസ്‌ട്രേലിയയെയും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങുന്ന ന്യൂസിലാന്‍ഡ് ലക്ഷ്യം തുടര്‍ച്ചയായ മൂന്നാം വിജയം. ഒപ്പം സെമി ബെര്‍ത്തും.
മികച്ച ബാറ്റ്‌സ്മാന്മാരും ബൗളര്‍മാരും അടങ്ങുന്ന കിവികള്‍ തന്നെയാണ് പാക്കിസ്ഥാനേക്കാള്‍ കരുത്തര്‍. ഗുപ്റ്റിലും വില്യംസണും മണ്‍റോയും ആന്‍ഡേഴ്‌സണും എലിയറ്റും മികച്ച ഫോമിലാണ്. മിച്ചല്‍ മക്ലനാഗനും മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയും കോറി ആന്‍ഡേഴ്‌സണും മികച്ച രീതിയില്‍ പന്തെറിയുന്നത് ന്യൂസിലാന്‍ഡിന് കാര്യങ്ങള്‍ അനുകൂലമാക്കുന്നു.
അതേസമയം ഇന്ത്യയോട് തോറ്റതോടെ പാക്കിസ്ഥാന്‍ ടീമില്‍ പടലപിണക്കങ്ങള്‍ ആരംഭിച്ചതായാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പാക്കിസ്ഥാന്‍ ഇന്ന് മൂന്നാം മത്സരത്തിനായി കളത്തിലിറങ്ങുന്നത്. അഫ്രീദി ഉള്‍പ്പെടെയുള്ള ബാറ്റ്‌സ്ന്മാര്‍ അവസരത്തിനൊത്തുയരാത്തതാണ് അവര്‍ക്ക് വിനയാകുന്നത്. എന്നാല്‍ മുഹമ്മദ് ആമിറും സമിയും വഹാബ് റിയാസുമടങ്ങുന്ന ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തുന്നുണ്ട്. എന്തായാലും നിലനില്‍പ്പിനായി പാക്കിസ്ഥാനും വിജയത്തുടര്‍ച്ചക്ക് ന്യൂസിലാന്‍ഡും ഇറങ്ങുമ്പോള്‍ മികച്ച മത്സരം പ്രതീക്ഷിക്കാം.
















