കണ്ണൂര്‍: മാനസികാസ്വാസ്ഥ്യം ബാധിച്ചയാളുടെ സ്വത്ത് അനധികൃതമായി തട്ടിയെടുത്തതായി പരാതി. കണ്ണൂക്കര മാണിക്കക്കാവിന് സമീപത്തെ കെ.എം.പ്രകാശന്റെ സ്വത്താണ് തട്ടിയെടുത്തത്. മാനസിക രോഗം ബാധിച്ച പ്രകാശന്റെ സഹായത്തിനായി തൊട്ടടുത്ത വീട്ടിലെ ഉഷ എന്ന സ്ത്രീയെ നിര്‍ത്തിയിരുന്നു. എന്നാല്‍ 2015 ജൂണ്‍ മാസം ആധാരമെഴുത്തുകാരി പി.ശാന്തകുമാരി, ഉഷയുടെ അടുത്ത സഹായി ഷിബു എന്ന ശിവകുമാര്‍ എന്നിവര്‍ ചേര്‍ന്ന് കൃത്രിമ ദാനാധാരമുണ്ടാക്കി സ്വത്ത് തട്ടിയെടുക്കുകയായിരുന്നുവെന്ന് പ്രകാശന്റെ ബന്ധു കെ.മഹേഷ് ബാബു പത്രസമ്മേളനത്തില്‍ ആരോപിച്ചു. പ്രകാശന്റെ വസ്തു ദാനാധാരമായി രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ആറ് ലക്ഷം രൂപയോളം ശിവകുമാറാണ് മുടക്കിയത്. 30 വര്‍ഷമായി മാനസിക അസുഖമുള്ള പ്രകാശന്റെ അവസ്ഥ കൃത്യമായി മനസ്സിലാക്കിയ ഉഷയും ശിവകുമാറും ആധാരമെഴുത്തുകാരി ശാന്തകുമാരിയുമായി ഗൂഢാലോചന നടത്തി ഒന്നരക്കോടിയലേറെ വില വരുന്ന സ്വത്ത് തട്ടിയെടുത്ത് വഞ്ചിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ബന്ധുക്കളായ കെ.എം.ജയരാജന്‍, സി.പി.ഷാജി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















