കണ്ണൂര്‍: ബന്ധുക്കള്‍ തമ്മില്‍ വസ്തുസംബന്ധമായുണ്ടാകുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയായി മുതിര്‍ന്ന പൗരന്മാരെ കേസുകളിലേക്ക് വലിച്ചിഴക്കുന്ന പ്രവണത കൂടിവരികയാണെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിനാ റഷീദ് അഭിപ്രായപ്പെട്ടു. വസ്തുതര്‍ക്കങ്ങള്‍ക്ക് മറ്റു രീതിയില്‍ പരിഹാരം കാണാനാവാതെ വരുമ്പോള്‍ ബന്ധപ്പെട്ടവരെ ഗാര്‍ഹിക പീഡനം പോലുള്ള കേസുകളില്‍ കുടുക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. കണ്ണൂര്‍ നഗരസഭാ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സമൂഹമാധ്യമങ്ങള്‍ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ക്കായി ദുരുപയോഗിക്കുന്നതായ പരാതികളും കൂടിവരുന്നുണ്ടെന്ന് അഡ്വ.നൂര്‍ബിനാ റഷീദ് പറഞ്ഞു.
അദാലത്തില്‍ ആകെ പരിഗണിച്ച 70 പരാതികളില്‍ 37 എണ്ണം തീര്‍പ്പാക്കാനായി. 11 പരാതികള്‍ പൊലീസ് അന്വേഷണത്തിനും രണ്ടെണ്ണം ലീഗല്‍ സര്‍വീസ് അതോറിറ്റി സഹായത്തിനും ഒന്ന് ജാഗ്രതാ സമിതിക്കും വിട്ടു. വിവാഹമോചനം സംബന്ധിച്ച രണ്ടു കേസുകളില്‍ മാസം 2000 രൂപ വീതം ചെലവിനു കൊടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. മറ്റൊരു പരാതിയില്‍ പരാതിക്കാരിയുടെ ബലമായി പിടിച്ചുവച്ച സര്‍ട്ടിഫിക്കറ്റുകളും വീട്ടുപകരണങ്ങളും ഉടന്‍ തിരിച്ചുകൊടുക്കാന്‍ എതിര്‍കക്ഷിയോട് നിര്‍ദേശിച്ചു. 19 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
















