ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഭരണ സംസ്ഥാനമായ ഉത്തരാഖണ്ഢിലെ ഭരണ പ്രതിസന്ധി തുടരുന്നു. മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തില്‍ രംഗത്തെത്തിയ 9 വിമത എംഎല്‍എമാര്‍ക്കെതിരെ നിയമസഭാ സ്പീക്കര്‍ ജിഎസ് കുഞ്ച്വാള്‍ നോട്ടീസയച്ചു. എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യരാക്കരുതെങ്കില്‍ കാരണം ബോധിപ്പിക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്.
വിമത എംഎല്‍എമാരായ വിജയ് ബഹുഗുണ, സുബോധ് ഉനിയര്‍, പ്രദീപ് ബത്ര, ഷൈലറാണി റാവത്, ഹരക് സിങ് റാവത്ത്, കുന്‍വര്‍ പ്രണവ്, ശൈലേന്ദ്രമോഹന്‍ സിംഗാള്‍, അമൃത റാവത്ത്, ഉമേഷ് ശര്‍മ്മ എന്നിവര്‍ക്കാണ് സ്പീക്കര്‍ നോട്ടീസ് നല്‍കിയത്. നിയമസഭയില്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അനുകൂലിച്ച് നിലപാടെടുത്തതിനാണ് നടപടി.
നിലവിലുള്ള 9 വിമതര്‍ക്കൊപ്പം ചേരാന്‍ തയ്യാറായി 6 കോണ്‍ഗ്രസ് എംഎല്‍എമാര്‍കൂടി നില്‍ക്കുകയാണെന്ന് വിമതരുടെ നേതാവായ ഉമേഷ് ശര്‍മ്മ അറിയിച്ചു. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36 അംഗങ്ങളുടെ പിന്തുണയും ബിജെപിക്ക് 28 പേരുടെ പിന്തുണയുമാണുള്ളത്. ഇതില്‍ 9 വിമതര്‍ പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ഭൂരിപക്ഷം നഷ്ടമായി.
അതിനിടെ മാര്‍ച്ച് 28ന് ഹരീഷ് റാവത്ത് സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണ്ണര്‍ കെ.കെ പൗള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും ബിജെപിയും ആവശ്യപ്പെട്ടു.
മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയ്‌ക്ക് പുറമേ സംസ്ഥാന മന്ത്രിമാരായ ഹരക് സിങ് റാവത്തും മന്ത്രി പ്രസാദ് നിതാനിയുമാണ് വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനബില്ലിനെതിരെ രംഗത്തെത്തിയ വിമതരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ മാര്‍ച്ച് 28 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.
















