ബെംഗളൂരു: ശ്രീലങ്കക്കെതിരെ വിന്‍ഡീസിന് മിന്നുന്ന ജയം. ഏഴ് വിക്കറ്റിനാണ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് വിജയിച്ചത്. കഴിഞ്ഞദിവസം ഇംഗ്ലണ്ടിനെ ആറ് വിക്കിറ്റിന് വിന്‍ഡീസ് തകര്‍ത്തിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുത്തു. 40 റണ്‍സെടുത്ത തീസര പെരേര ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ആന്ദ്രെ ഫഌച്ചറിന്റെ (64 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സറുമടക്കം 84 നോട്ടൗട്ട്) അപരാജിത ഇന്നിങ്‌സിന്റെ കരുത്തില്‍ 10 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 127 റണ്‍സെടുത്ത് വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. എട്ട് പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ആന്ദ്രെ റസ്സലും പുറത്താകാതെ നിന്നു. ശ്രീലങ്ക ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ കഷ്ടിച്ച് വിജയിച്ചിരുന്നു.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി ലങ്കയെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയില്‍ പന്തെറിഞ്ഞതോടെ തുടക്കത്തിലേ ശ്രീലങ്കക്ക് കനത്ത തിരിച്ചടി നേരിട്ടു.
നാലാം ഓവര്‍ ബൗള്‍ ചെയ്യാനെത്തിയ ബ്രാത്ത്‌വെയ്റ്റാണ് ശ്രീലങ്കയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 12 റണ്‍സ് നേടിൗ ദില്‍ഷനെ ബ്രാത്ത്‌വെയ്റ്റ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നിടെത്തിയവരെല്ലാം റണ്‍ നേടാന്‍ ബുദ്ധിമുട്ടി. ചണ്ടിമല്‍ 16ഉം തിരിമന്നെ 5, കപുഗേദര (6) സിരിവര്‍ദ്ധനെ (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ അഞ്ചിന് 47 എന്ന നിലയിലായി ലങ്ക. പിന്നീട് ഏഴാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും (20) തിസാര പെരേരയും ചേര്‍ന്നാണ് സ്‌കോര്‍ നൂറിനടുത്തെത്തിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 91 റണ്‍സായപ്പോള്‍ 32 പന്ത് നീണ്ട മാത്യൂസിന്റെ ഇന്നിങ്‌സിന് ബ്രാവോ കടിഞ്ഞാണിട്ടു. ഏഴാമനായി ക്രീസിലെത്തിയ തിസാര പേരേര നേടിയ 40 റണ്‍സാണ് ശ്രീലങ്കന്‍ സ്‌കോര്‍ 122 ല്‍ എത്തിച്ചത്. കുലശേഖര (7), ഹെറാത്ത് (3), എന്നിവരും ബാറ്റിങ്ങില്‍ പരാജയപ്പെട്ടു.
വിന്‍ഡീസിനു വേണ്ടി സാമുവല്‍ ബദരി നാലോവറില്‍ 12 റണ്‍സ് മാത്രം വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ബ്രാവോ രണ്ടും, റസ്സല്‍, ബ്രാത്തവെയ്റ്റ് എന്നിവര്‍ ഒരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കം ലഭിച്ചില്ല. പരിക്കിന്റെ പിടിയിലായ ഗെയ്‌ലിന് പകരം ഫ്‌ളെച്ചറും ചാള്‍സുമാണ് ക്രീസിലെത്തിയത്. എന്നാല്‍ സ്‌കോര്‍ 39 റണ്‍സിലെത്തിയപ്പോള്‍ 10 റണ്‍സെടുത്ത ചാള്‍സിനെ വാന്‍ഡര്‍സെ ബൗള്‍ഡാക്കി. തുടര്‍ന്ന് മര്‍ലോണ്‍ സാമുവല്‍സ് (3), രാംദിന്‍ (5) എന്നിവരെ സിരിവര്‍ദ്ധനെ മടക്കിയെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ഫ്‌ളെച്ചറും റസ്സലും ചേര്‍ന്ന് വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചു. എട്ട് പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു ആന്ദ്രെ റസ്സലിന്റെ ഇന്നിങ്‌സ്. ലങ്കക്ക് വേണ്ടി സിരിവര്‍ദ്ധനെ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
വിന്‍ഡീസ് അടുത്ത മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച നാഗ്പൂരിലാണ് കളി. ശനിയാഴ്ച ഇംഗ്ലണ്ട് ശ്രീലങ്കയുടെ എതിരാളികള്‍.
















