ന്യൂദല്‍ഹി: രാജ്യസഭയിലെ തരംതാണ പ്രവൃത്തിയിലൂടെ കോണ്‍ഗ്രസ് ജനവിധിയെ അധിക്ഷേപിക്കുകയാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷിന്റെ പ്രസ്താവനയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു വെങ്കയ്യ. പുരോഗമനപരവും രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ബില്ലുകളെയും തുരങ്കം വെക്കുന്ന നടപടിയാണ് കോണ്‍ഗ്രസിന്റെതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജ്യസഭയെ ഒഴിവാക്കുവാന്‍ യാതൊരു ശ്രമവുമില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുവാനാണ് ശ്രമിക്കുന്നത്. പാര്‍ലമെന്റ്‌നടപടി ക്രമങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും പിന്തുടരാറുണ്ട്. ആധാര്‍ ബില്ല് ധനകാര്യബില്ലായിട്ടാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ ശുപാര്‍ശയിലാണ് സ്പീക്കര്‍ ഇത്തരത്തില്‍ തീരുമാനം എടുത്തത്. ഇതിന്റെ പേരില്‍ സ്പീക്കറെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല. എല്ലാത്തിലും വിവാദങ്ങള്‍ ഉണ്ടാക്കുവാനുള്ള കോണ്‍ഗ്രസിന്റെ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇതിനെയും വിമര്‍ശിക്കുന്നത്. നരേന്ദ്ര മോദിക്ക് ലഭിച്ച ജനവിധിയെ അംഗീകരിക്കുവാന്‍ ഇതുവരെ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലായെന്നാണ് ഇത് കാണിക്കുന്നത്, വെങ്കയ്യ പറഞ്ഞു.
















