പാറ്റ്‌ന: മൂന്നരലക്ഷം അദ്ധ്യാപകര്‍ സംസ്ഥാനത്ത് നാലുമാസമായി ശമ്പളമില്ലാതെ പട്ടിണി നേരിടുമ്പോള്‍ ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ എംഎല്‍എമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നു. എംഎല്‍എമാര്‍ക്ക് മൈക്രോ അവന്‍, സ്മാര്‍ട്‌ഫോണ്‍, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങള്‍ നല്‍കാന്‍ മത്സരിക്കുകയാണ്. സ്പീക്കറുടെ സമ്മാനം എന്ന നിലയിലാണ് വിതരണം. നടപടി ഏറെ വിവാദമായിക്കഴിഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച എംഎല്‍എമാരും എംഎല്‍സിമാരുമായ 318 പേര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൈക്രോ അവന്റെ വില 11,125 രൂപയാണ്. ആ കണക്കില്‍ മാത്രം 35.37 ലക്ഷം രൂപയോളമാണ്. ഇതാണ് വിദ്യാഭ്യാസ വകുപ്പിന്റെ സമ്മാനം. അതേ സമയമാണ് സാമ്പത്തിക പ്രതിസന്ധിയും മറ്റു സാങ്കേതിക കാര്യങ്ങളും പറഞ്ഞ് മൂന്നര ലക്ഷം അദ്ധ്യാപകര്‍ക്ക് ശമ്പളക്കുടിശിക ഉള്ളത്.
അതേസമയം വിചിത്രണമാണ് ഈ സമ്മാന വിതരണത്തിന് നല്‍കുന്ന ന്യായീകരണം. എംഎല്‍എമാര്‍ക്ക് അവരവരുടെ പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍വഴി നല്‍കുന്ന ഭക്ഷണം ചൂടാക്കി നല്‍കാനും ഗുണനിലവാരം ഉറപ്പാക്കാനും സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്‌ക്കുള്ള ഫണ്ടില്‍നിന്നാണ് മൈക്രോ അവന്‍ നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രിയും കോണ്‍ഗ്രസ് പ്രദേശ കമ്മിറ്റി അദ്ധ്യക്ഷനുമായ അശോക് ചൗധരി പറഞ്ഞു.
സംസ്ഥാന റോഡ് നിര്‍മ്മാണ വകുപ്പിന്റെ സമ്മാനമാണ് സ്മാര്‍ട്‌ഫോണ്‍. നഗര വികസന വകുപ്പാണ് ട്രോളിബാഗ് നല്‍കുന്നത്. എന്നാല്‍, ഇത് നാളേറെയായി തുടരുന്ന സമ്പ്രദായമാണെന്ന് മുന്‍ എംഎല്‍എ പറഞ്ഞു. ഓരോ പ്രാവശ്യവും ബജറ്റ് പാസാക്കി കഴിയുമ്പോള്‍ ആ സമ്മേളനത്തില്‍ എംഎല്‍എമാര്‍ക്ക് സമ്മാനം കൊടുക്കാറുണ്ട്. മുമ്പൊക്കെ ഫലയും പേപ്പര്‍ വെക്കാനുള്ള ഫോള്‍ഡറുമായിരുന്നു, അടുത്തിടെയാണ് ഇത്രയും വിലയുള്ള സമ്മാനങ്ങള്‍ കൊടുക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപമുഖ്യമന്ത്രി തേജസ്വി യാദവ് നല്‍കുന്ന വിശദീകരണം അതിനേക്കാള്‍ വിചിത്രം. ബീഹാര്‍ ദരിദ്ര സംസ്ഥാനമാണ്. ഇവിടത്തെ ജനപ്രതിനിധികള്‍ അത്ര സമ്പന്നരൊന്നുമല്ല, കോടിപതികളല്ല. ആ സ്ഥിതിക്ക് അവര്‍ക്ക് ചെറിയ സമ്മാനങ്ങള്‍ കൊടുക്കുന്നതില്‍ എന്താണ് തെറ്റ്, ലാലു പ്രസാദിന്റെ മകന്‍ ചോദിക്കുന്നു. ഇതു മുമ്പും ഉണ്ടായിട്ടുണ്ടെന്നും 1995-ല്‍ ദേവ് നാരായണ്‍ യാദവ് സപ്ീക്കറായിരിക്കെ നല്‍കിയത് സ്വര്‍ണ്ണം പൂശിയ വാച്ചായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് നന്ദ കിഷോര്‍ യാദവ് പറഞ്ഞു.
ബിജെപി എംഎല്‍എമാര്‍ സമ്മാനം മടക്കി
പാറ്റ്‌ന: സ്പീക്കറുടെ സമ്മാനമെന്ന നിലയില്‍ നല്‍കിയ മൈക്രോ അവന്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ബിജെപി എംഎല്‍എമാര്‍ തിരികെ നല്‍കി. മുഴുവന്‍ എംഎല്‍എമാരും സമ്മാനം മടക്കും. പ്രേംകുമാര്‍, മംഗല്‍ പാണ്ഡെ, സുശീല്‍ മോദി എന്നിവര്‍ തിരികെ നല്‍കിക്കഴിഞ്ഞു. ലക്ഷക്കണക്കിന് അദ്ധ്യാപകര്‍ കഴിഞ്ഞ നാലുമാസമായി ശമ്പളം കിട്ടാതെ കഴിയുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വന്‍ തുക ചെലവഴിച്ച് സമ്മാനം നല്‍കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി നേതാവ് സുശീല്‍ മോദി പ്രസ്താവിച്ചു. എംഎല്‍എമാര്‍ ദരിദ്രരാണെന്ന് ഈ സമ്മാനത്തെ ന്യായീകരിച്ചത് അസംബന്ധമാണെന്ന് മോദി വിശദീകരിച്ചു. എംഎല്‍എമാര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ ശമ്പളമുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
















