കൊച്ചി: ഒളിംപ്യന്‍ മേഴ്‌സിക്കുട്ടന്റെ മേഴ്‌സിക്കുട്ടന്‍ അത്‌ലറ്റിക് അക്കാദമി കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായി) ഏറ്റെടുക്കും. ഇതു സംബന്ധിച്ച ധാരണാപത്രം മേഴ്‌സിക്കുട്ടനും ക്രെഡായി സിഇഒ അതുല്‍ കുമാര്‍ റായിയും തമ്മില്‍ ഒപ്പിട്ടു. അക്കാദമിയുടെ പേര് ക്രെഡായി മേഴ്‌സിക്കുട്ടന്‍ നാഷനല്‍ അക്കാദമി ഫോര്‍ എക്‌സലന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് എന്നാക്കി പരിഷ്‌കരിക്കും. ആദ്യ ഘട്ടമായി ഒന്‍പതു ലക്ഷം രൂപയുടെ ചെക്കും ചടങ്ങില്‍ കൈമാറി. 2020ലെ ഒളിംപിക്‌സ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനമാകും നടത്തുകയെന്നു മേഴ്‌സിക്കുട്ടന്‍ പറഞ്ഞു. എട്ട് ഏക്കര്‍ സ്ഥലം നല്‍കാമെന്നു സര്‍ക്കാര്‍ നേരത്തെ തന്നെ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതു നേടിയെടുക്കാനും ശ്രമം നടത്തും. വിദേശത്തു നിന്നു പരിശീലകരെ എത്തിക്കുന്നതടക്കമുള്ള നടപടികളുമുണ്ടാകും. ഹൈബി ഈഡന്‍ എംഎല്‍എ, ക്രെഡായി വൈസ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍, ക്രെഡായി കേരള സെക്രട്ടറി ജനറല്‍ ഡോ.നജീബ് സക്കറിയ, കൊച്ചി പ്രസിഡന്റ് ജെ.പോള്‍ രാജ്, എം.വി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
















