നെടുമ്പാശ്ശേരി: പാടത്ത് മേയാന്‍ വിട്ടിരുന്ന നാല് ആടുകളെ തെരുവുനായ്‌ക്കള്‍ കൊന്ന സംഭവത്തില്‍ നെടുമ്പാശ്ശേരി കുന്നിശേരി വല്ലിക്കാട്ടു പറമ്പില്‍ ഉണ്ണികൃഷ്ന്‍ നഷ്ടപരിഹാരത്തിനായി മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. കഴിഞ്ഞവര്‍ഷമാണ് പട്ടികജാതി പ്രത്യേക പദ്ധതി പ്രകാരം പഞ്ചായത്തില്‍നിന്നും ഉണ്ണികൃഷ്ണന് ആടുകളെ ലഭിച്ചത്. പരിസരപ്രദേശങ്ങളിലെ പല വീടുകളിലും വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ തെരുവുനായ്‌ക്കളുടെ സമാനമായ ആക്രമണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലും ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. തെരുവുനായ് ഉന്മൂലന സംഘത്തോടൊപ്പം നെടുമ്പാശ്ശേരി പഞ്ചായത്ത് 17-ാം വാര്‍ഡ് കുന്നിശേരി റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി നൈനാന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ സ്ത്രീകളും വിദ്യാര്‍ത്ഥികളുമടങ്ങുന്ന നാട്ടുകാരും തെരുവുനായ് ശല്യത്തിനെതിരെ പ്രതിഷേധിച്ചു. തെരുവുനായ്‌ക്കള്‍ക്കെതിരെ കടുത്ത നിലപാട് സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് അവര്‍ ആവശ്യപ്പെട്ടു. നായ്‌ക്കള്‍ കടിച്ചുകൊന്ന ആടിനെ ഉണ്ണികൃഷ്ണന്റെ വീടിനുമുന്നില്‍ കിടത്തിയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
















