ഇരിട്ടി: കാര്‍ നിയന്ത്രണം വിട്ട് പഴശ്ശി പദ്ധതിയുടെ ഭാഗമായ ജലാശയത്തിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു യുവാക്കളേയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇരിട്ടി എടക്കാനം റോഡില്‍ വള്ളിയാടാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണിയോടെ അപകടം നടന്നത്. റോഡില്‍ നിന്നും കാര്‍ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടു വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. ഈ റോഡിന്റെ ഇരുവശവും പഴശ്ശി പദ്ധതിയുടെ വിശാലമായ ജലാശയമാണ്. കാര്‍ വീണയുടനെ രണ്ടാള്‍ താഴ്ചയിലേക്ക് താണു പോയ കാറില്‍ നിന്നും പുറത്തുകടന്ന രണ്ടുപേരും കാറിനു പുറത്തു കയറിനിന്നതും തൊട്ടടുത്തുള്ള വീട്ടുകാര്‍ കാര്‍ വീഴുന്നത് കാണാനിടയായതും മൂലം പെട്ടെന്ന് നാട്ടുകാര്‍ക്ക് രണ്ടുപേരെയും രക്ഷിക്കാനായി. കാര്‍ പിന്നീട് ക്രയിന്‍ ഉപയോഗിച്ച് വലിച്ചുകയറ്റി. പുന്നാട് സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട മാരുതി കാര്‍ എന്നാണ് അറിയുന്നത്.
















