മരട്: കുരുന്നു ജീവന്റെ ചികിത്സാ ചിലവിനായി കാരുണ്യയാത്ര നടത്തി മരടിലെ അറുപതോളം ഓട്ടോ തൊഴിലാളികള്‍ സമൂഹത്തിന് മാതൃകയായി. കരള്‍ ചുരുങ്ങിപ്പോകുന്ന അപൂര്‍വ അസുഖം ബാധിച്ച മരട് സൊസൈറ്റി റോഡ് കൊടവംതുരുത്തി വീട്ടില്‍ കെ.ആര്‍. സുനില്‍കുമാറിന്റെയും രേവതിയുടെയും നാലു മാസം പ്രായമായ മകന്‍ അദ്യുതിന്റെ കരള്‍മാറ്റ ശസ്ത്രക്രിയയ്‌ക്കായുള്ള പണം സ്വരൂപിക്കുന്നതിനു വേണ്ടിയാണ് ഇന്നലെ അവര്‍ ഓട്ടോറിക്ഷ ഓടിച്ചത്.
മരട് കൊട്ടാരം സ്റ്റാന്‍ഡിലെ 54 ഓട്ടോറിക്ഷകളും മരട് മൂത്തേടം പിഎസ് മിഷന്‍ ആശുപത്രി സ്റ്റാന്‍ഡിലെ 6 ഓട്ടോറിക്ഷകളുമാണ് പണം കണ്ടെത്താനായി ഓടിയത്. മരട് കൊട്ടാരം ജംഗ്ഷന്‍ സ്റ്റാന്‍ഡിലെ തൊഴിലാളികള്‍ സ്വരൂപിച്ചത് എഴുപതിനായിരത്തിലധികം രൂപയാണ്.
യാത്രക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കുകയും സഹായിക്കുകയും അഭിനന്ദിക്കുകയും ചെയ്തതായി ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. സ്വരൂപിച്ച പണം അടുത്ത ദിവസം തന്നെ കൈമാറുമെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു. പിഎസ് മിഷന്‍ ആശുപത്രി സ്റ്റാന്‍ഡിലെ തൊഴിലാളികള്‍ ഇന്ന് കുമ്പളം ടോള്‍പ്ലാസയിലൂടെ കടന്നു പോകുന്ന വാഹനങ്ങളില്‍ നിന്ന് ചികിത്സ ചിലവിനായി പിരിവ് നടത്തുമെന്നും അറിയിച്ചു.
















