കൊച്ചി: സിപിഎം ജില്ലാ കമ്മറ്റി തയ്യാറാക്കിയ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മാറ്റംവരുത്തുമെന്ന് സൂചന. ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. പ്രമുഖരില്ലാതെ ഏരിയാ സെക്രട്ടറിമാര്‍ മാത്രം ഉള്‍പ്പെടുന്ന ലിസ്റ്റ് കഴിഞ്ഞ സംസ്ഥാനകമ്മറ്റി യോഗത്തില്‍ അംഗീകരിച്ചില്ല. അതിനാലാണ് ലിസ്റ്റില്‍ മാറ്റം വരുത്താന്‍വേണ്ടി വീണ്ടും ഇന്ന് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. ആദ്യത്തെ ലിസ്റ്റില്‍ എസ്. ശര്‍മ്മയുടെയും സാജുപോളിന്റെയും സ്ഥാനാര്‍ത്ഥിത്വം മാത്രമാണ് സംസ്ഥാനസമിതി അംഗീകരിച്ചത്. ഇതില്‍ നാലാംതവണ മത്‌സരിക്കുന്ന സാജുപോളിന്റെ മണ്ഡലത്തെക്കുറിച്ച് അന്തിമ തീരുമാനമായില്ല. ജില്ലാ സെക്രട്ടറി പി. രാജീവിനെ മത്‌സരിപ്പിക്കേണ്ടതില്ലെന്നാണ് സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനിച്ചത്. തൃപ്പൂണിത്തുറയല്‍ മത്‌സരിപ്പിക്കാന്‍ മറ്റൊരാളെ കണ്ടെത്തണം. സംസ്ഥാനകമ്മറ്റിയംഗം സി.എന്‍. മോഹനനെ തൃപ്പൂണിത്തുറയില്‍ മത്‌സരിപ്പിക്കാനാണ് ജില്ലാ നേതൃത്വത്തിന്റെ നീക്കം. നേരത്തെ തയ്യാറാക്കിയ കുന്നത്തുനാട്, തൃക്കാക്കര, ആലുവ മണ്ഡലങ്ങളിലെ ലിസ്റ്റിലാണ് മാറ്റംവരാന്‍ സാധ്യത. പിറവം, കോതമംഗലം മണ്ഡലങ്ങളില്‍ ആദ്യലിസ്റ്റില്‍ തീരുമാനം ആയില്ല. പെരുമ്പാവൂരില്‍ മൂന്നുതവണ വിജയിച്ച സാജുപോളിനെ കോതമംഗലത്തേക്ക് മാറ്റാനും പെരുമ്പാവൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. എന്‍.സി. മോഹനനെ മത്‌സരിപ്പിക്കാനും ആലോചനയുണ്ട്. മൂവാറ്റുപുഴ സീറ്റ് സിപിഐയില്‍നിന്നും തിരിച്ചെടുത്ത് പകരം പിറവം സിപിഐക്ക് നല്‍കാനും നീക്കമുണ്ട്.
















