ലണ്ടന്‍: രാജ്യത്ത് തന്നെ ക്രിമിനലായി മുദ്രകുത്തിയ സാഹചര്യത്തില്‍ തനിക്ക് ബ്രിട്ടനില്‍നിന്ന് മടങ്ങാനുള്ള ശരിയായ സമയമല്ല ഇതെന്ന് വിജയ് മല്ല്യ. ഒരു ദിവസം മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, മല്ല്യ പറഞ്ഞു.
പതിനെട്ടാം തീയതി ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് മല്ല്യയ്‌ക്ക് നോട്ടീസ് അയച്ചിരുന്നു. അന്ന് ഹാജരാവില്ലെന്നാണ് മല്ല്യയുടെ സന്ദേശം സൂചിപ്പിക്കുന്നത്.
ഒരു സുഹൃത്തുമായുള്ള കൂടിക്കാഴ്ചയ്‌ക്കാണ് മാര്‍ച്ച് രണ്ടിന് താന്‍ ലണ്ടനിലേക്ക് പോയതെന്ന് സണ്‍ഡേ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ മല്ല്യ പറയുന്നു.
ഞാന്‍ ഏഴു ബാഗുമായി പോയിയെന്നാണ് പലമാധ്യമങ്ങളും എഴുതിയത്. രണ്ടുപേര്‍ക്ക് അത് വലിയ ലേഗജാണെന്ന് ഞാന്‍ കരുതുന്നില്ല. കഴിഞ്ഞ വര്‍ഷം എനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഞാന്‍ രക്ഷപ്പെട്ടില്ല. ഇപ്പോള്‍ എന്തിനാണ് എന്നെ ക്രിമിനലായി ചിത്രീകരിക്കുന്നത്. വായ്‌പ്പ കുടിശിക വരുന്നത് ബിസിനസ് കാര്യമാണ്. ബാങ്കുകള്‍ വായ്‌പ്പ നല്‍കുമ്പോള്‍ അതില്‍ റിസ്‌ക്കുണ്ടെന്ന് അവര്‍ക്ക് അറിയാം. എന്നെ വില്ലനാക്കി ചിത്രീകരിക്കരുത്.
താന്‍ ഭാരതത്തിലേക്ക് മടങ്ങും. എന്നാല്‍ എന്റെ കാര്യം വിശദീകരിക്കാന്‍ അവസരം കിട്ടില്ലെന്നാണ് എന്റെ സംശയം. എന്നെ ക്രിമിനലാക്കിക്കഴിഞ്ഞു. ഭാരതമാണ് എനിക്കെല്ലാം നല്‍കിയത്. എന്നെ വിജയ് മല്ല്യയാക്കിയത് ഭാരതമാണ്, മല്ല്യ പറയുന്നു.
















