വാഷിംഗ്ടണ്‍: വംശത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാതെ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആഹ്വാനം. രാഷ്‌ട്രീയ നേതാക്കള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാവാന്‍ രംഗത്തുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടിക്കിടെ ഏറ്റുമുട്ടല്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഒബാമയുടെ ഈ പരാമര്‍ശം. രാഷ്‌ട്രീയ നേതാക്കള്‍ അക്രമങ്ങള്‍ക്കും തീവ്രവാദത്തിനുമെതിരെയാണു സംസാരിക്കേണ്ടത്. സ്വന്തം രാജ്യത്തു വസിക്കുന്ന മറ്റുള്ളവരെ അധിക്ഷേപിക്കുന്ന രീതിയിലോ അവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്ന രീതിയിലോ പെരുമാറരുതെന്നും ഡാളസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ ഒബാമ ആവശ്യപ്പെട്ടു.
അമേരിക്കന്‍ പൗരന്മാരല്ലാത്ത മുസ്ലീങ്ങളെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും അനധികൃത കുടിയേറ്റക്കാരെ തടയാന്‍ യു.എസ് – മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയും തുടങ്ങി നിരവധി വിവാദ പ്രഖ്യാപനങ്ങളാണ് ട്രംപ് പ്രചരണ പരിപാടികളില്‍ നടത്തുന്നത്.
















