കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വിഎസ് പക്ഷത്തെ രണ്ട് സീറ്റിലൊതുക്കി സിപിഎം പ്രാഥമിക ലിസ്റ്റ്. 9 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപട്ടികയാണ് മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സിപിഎം ജില്ലാ നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്. കളമശ്ശേരി, വൈപ്പിന്‍ മണ്ഡലങ്ങളില്‍ മാത്രമാണ് വിഎസ് പക്ഷത്തെ പരിഗണിച്ചിരിക്കുന്നത്. വൈപ്പിനില്‍ വിഎസ് പക്ഷത്തെ പ്രമുഖനായ എസ്. ശര്‍മ്മയുടെയും കളമശ്ശേരിയില്‍ കെ. ചന്ദ്രന്‍ പിള്ളയുടെ പേരുമാണ് പ്രാഥമിക ലിസ്റ്റില്‍ ഇടം നേടി. ഇന്നലെ വീണ്ടും ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും ലിസ്റ്റ് പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞില്ല. കോതമംഗലം, പിറവം മണ്ഡലങ്ങളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. എല്‍ഡിഎഫ് യോഗത്തിന് ശേഷം ഈ രണ്ട് മണ്ഡലങ്ങളുടെ കാര്യത്തില്‍ തീരുമാനം മാകുകയുള്ളൂ പിറവം സീറ്റ് സിപിഐക്ക് നല്‍കി പകരം സിപിഐയുടെ സീറ്റായ മൂവാറ്റുപുഴ സിപിഎം സ്വന്തമാക്കാനും നീക്കമുണ്ട്. മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നും അടര്‍ന്ന് വന്ന ഫ്രാന്‍സിസ് ജോര്‍ജിന് നല്‍കാനാണ് ആലോചന, കോതമംഗലം സീറ്റിന്റെ കാര്യത്തിലും തര്‍ക്കമുണ്ട്. പെരുമ്പാവൂരില്‍ നിന്നും സാജുപോളിനെ കോതമംഗലത്തേക്ക് മാറ്റി പെരുമ്പൂവൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ അഡ്വ.എന്‍.സി. മോഹനന് നല്‍കുന്ന കാര്യത്തിലാണ് തര്‍ക്കം. ഇതിനിടെ ജെഡിയു മാത്യു ടി.തോമസ് വിഭാഗത്തിന്റെ സീറ്റായ അങ്കമാലിയില്‍ ജോസ്‌തെറ്റയിലിനെ മത്സരിപ്പിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ലെന്നാണ് പറയൂന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് യോഗം തയ്യാറാക്കിയ സാധ്യത ലിസ്റ്റില്‍ പ്രമുഖര്‍ ആരും തന്നെയില്ല. ഡോ.സെബാസ്റ്റ്യന്‍ പോള്‍, എം.സി.ജോസഫൈന്‍ എന്നിവരുടെ പേരുകള്‍ സാധ്യത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംവരണ മണ്ഡലമായ കുന്നത്തുനാട്ടില്‍ പാര്‍ട്ടിയില്‍ തന്നെ പുതുമുഖമായ അഡ്വ.ഷിജി ശിവജിയുടെ പേരാണ് ലിസ്റ്റിലുള്ളത്. തൃപ്പൂണിത്തുറയില്‍ ജില്ലാ സെക്രട്ടറി പി.രാജിവിന്റെ പേര് മാത്രമാണുള്ളത്. ബെന്നിബഹനാനെതിരെ കെ.എന്‍. ഉണ്ണികൃഷ്ണനും, ദിനേശ് മണിയുടെയും പേരുകളാണ് സാധ്യതപട്ടികയില്‍. കളമശ്ശേരിയില്‍ വി.കെ. ഇബ്രഹിം കുഞ്ഞിനെതിരെ കെ.ചന്ദ്രന്‍ പിള്ളയും, ഏരിയ സെക്രട്ടറി സക്കീര്‍ ഹൂസൈനുമാണ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൊച്ചിയില്‍ ജെ.ജേക്കബ്, മാക്‌സി, പെരുമ്പാവൂരില്‍ സാജുപോള്‍, അഡ്വ.എന്‍.സി.മോഹനന്‍, ആലുവയില്‍ അഡ്വ.സലിം, എറണാകുളത്ത് അഡ്വ.അനില്‍കുമാര്‍ എന്നിവരാണ് പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അടുത്തകാലം വരെ സംസ്ഥാനത്ത് വിഎസ് പക്ഷത്തിന് ഏറ്റവും കൂടുതല്‍ സ്വാധീനം ഉണ്ടായിരുന്ന ജില്ലയായിരുന്നു എറണാകുളം. പിണറായി പക്ഷം ജില്ലപിടിച്ചെടുത്തതിന് ശേഷം വിഎസ് പക്ഷത്തെ ഒന്നൊന്നായി വെട്ടിനിരത്തുകയായിരുന്നു. അച്ച്യുതാനന്ദന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ശര്‍മ്മയും ചന്ദ്രന്‍ പിള്ളയും ലിസ്റ്റീന്‍ പിടിച്ചെതെന്നാണ് പറയുന്നത്.
















