തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പിജി വിദ്യാര്‍ത്ഥിക്കു മര്‍ദ്ദനം. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ഡോ. ശ്രീരാഗിനെ താത്കാലിക ജീവനക്കാരനായ ഗോപന്‍ എന്നയാള്‍ മര്‍ദിച്ചത്. ശ്രീരാഗിന്റെ ബന്ധുവായ വേണുഗോപാല്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞശേഷം അദ്ദേഹം വീട്ടിലേക്കു പോവുകയും ചെയ്തു. ഈസമയം ചെലവായ തുകയുടെ ബില്ലുകള്‍ റീ ഇംബേഴ്‌സ്‌മെന്റിനായി ഡോകടറില്‍ നിന്നും ഒപ്പിട്ടു വാങ്ങിയ ശേഷം കാര്‍ഡിയാക് ഡിപ്പാര്‍ട്ട്‌മെന്റില്‍ സീല്‍ ചെയ്യാനായി എത്തിയതായിരുന്നു ശ്രീരാഗ്. ഈസമയം അവിടെയുണ്ടായിരുന്ന താത്കാലിക ജീവനക്കാരനായ ഗോപന്‍ ശ്രീരാഗിനെ ഓഫീസനകത്തേക്കു കടക്കാന്‍ അനുവദിച്ചില്ല. ഇവിടെ ആളില്ലെന്നു പറഞ്ഞപ്പോള്‍ കാത്തിരിക്കാമെന്നും അത്യാവശ്യമായതിനാല്‍ ഇന്നുതന്നെ സീല്‍ ചെയ്യണമെന്നും ശ്രീരാഗ് ഗോപനോട് പറഞ്ഞു. ഇതുകേട്ട ഗോപന്‍ ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ ഒരു ഡോക്ടറാണെന്നും അതിനാല്‍ സീല്‍ ചെയ്തശേഷം മടങ്ങിപ്പോകാമെന്നും അറിയിച്ചു. തുടര്‍ന്ന് ഗോപന്‍ ശ്രീരാഗിന്റെ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെട്ടു. ഗോപന്റെ ഐഡി കാര്‍ഡ് കാണണമെന്നു ശ്രീരാഗും ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. ഇതിനിടെ ഓഫീസിനകത്തേക്കു കടന്ന ഗോപന്‍ ശ്രീരാഗിനോട് ഓഫീസിനകത്ത് സീനിയര്‍ ഉദ്യോഗസ്ഥന്‍ വിളിക്കുന്നുവെന്ന് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് അകത്തുകടന്ന ശ്രീരാഗിനെ മുറിക്കുള്ളില്‍ കടന്നതും അവിടെയുണ്ടായിരുന്ന കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജെയിംസ് രാജും ഗോപനും ചേര്‍ന്ന് പൂട്ടിയിട്ടു. തുടര്‍ന്ന് ജെയിംസ് രാജ് സൂപ്രണ്ടിനെ ഫോണില്‍ വിളിച്ച് ശ്രീരാഗ് എന്നയാളെ മുറിയില്‍ പൂട്ടിയിട്ട വിവരം അറിയിച്ചു. അടിയന്തിരമായി മുറിക്കുള്ളില്‍ നിന്നും ശ്രീരാഗിനെ തുറന്നുവിടാന്‍ സൂപ്രണ്ട് ആവശ്യപ്പെട്ടതനുസരിച്ച് ഗോപനും ജെയിംസ് രാജും ചേര്‍ന്നു മുറിക്കു പുറത്തേക്കു പിടിച്ചു തള്ളി. ഈസമയം അവിടെ രോഗികളുടെ കൂട്ടിരിപ്പുകാരും പേപ്പറുകള്‍ സീല്‍ ചെയ്യാനായി എത്തിയവരും ഉണ്ടായിരുന്നു.തുടര്‍ന്ന് ശ്രീരാഗ് മറ്റു ഡോകടര്‍മാരെയും സൂപ്രണ്ടിനെയും വിവരം അറിയിക്കുകയും മെഡിക്കല്‍കോളേജ് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
















