ലോസ് ഏഞ്ചല്‍സ്: ടെന്നീസ് താരം മരിയ ഷറപ്പോവ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിനു മുന്നോടിയായി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നുകളുടെ പട്ടികയിലുള്ള മെലോഡോണിയും ഉപയോഗിച്ചതയാണ് തെളിഞ്ഞത്. ലോസ് ഏഞ്ചല്‍സില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഷറപ്പോവ തന്നെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. വാര്‍ത്ത സ്ഥിരീകരിച്ച അന്താരാഷ്‌ട്ര ടെന്നീസ് ഫെഡറേഷന്‍ മുന്‍ ഒന്നാം നമ്പര്‍ താരത്തെ ഈ മാസം 12 മുതല്‍ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായും അറിയിച്ചു.
പരിക്കും ഫോമില്ലായ്‌മയും മൂലം കഷ്ടപ്പെടുന്ന ഇരുപത്തിയെട്ടുകാരിയായ റഷ്യന്‍ താരത്തിന്റെ കരിയറിന് ഇതോടെ ഏറെക്കുറെ അന്ത്യമാകുമെന്ന് ഉറപ്പായി.
വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് അന്താരാഷ്‌ട്ര വനിതാ ദിനത്തില്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഏവരെയും ഞെട്ടിച്ച് ഷറപ്പോവയുടെ പ്രഖ്യാപനം. കഴിഞ്ഞ പത്തു വര്‍ഷമായി ഉപയോഗിക്കുന്ന മരുന്നാണ് മെലഡോണിയമെന്ന് ഷറപ്പോവ വ്യക്തമാക്കി.
ഈ ജനുവരി ഒന്നു മുതലാണ് മെലഡോണിയം നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതറിയാതെയാണ് മരുന്നുപയോഗം തുടര്‍ന്നതെന്ന് ഷറപ്പോവ പറഞ്ഞു. എന്നാല്‍, അത് തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും സംഭവിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും റഷ്യന്‍ താരം വ്യക്തമാക്കി.
നിലവില്‍ റാങ്കിങ്ങില്‍ ഏഴാമതുള്ള ഷറപ്പോവ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടിയിട്ടുള്ള താരമാണ്. 2001ല്‍ ടെന്നീസ് കോര്‍ട്ടിലെത്തിയ റഷ്യന്‍ സുന്ദരി, വിംബ്ള്‍ഡണ്‍ (2004), യുഎസ് ഓപ്പണ്‍ (2006), ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2008), ഫ്രഞ്ച് ഓപ്പണ്‍ (2012, 2014)
ഗ്രാന്‍ഡ്സ്ലാമുകള്‍ക്ക് പുറമെ 35 ഡബ്ല്യുടിഎ, നാല് ഐടിഎഫ് കിരീടങ്ങളും നേടി. 2004ല്‍ ടൂര്‍ ഫൈനലിലും ജയം കണ്ടു. ഡബിള്‍സില്‍ മൂന്ന് ഡബ്ല്യുടിഎ ട്രോഫികളും സ്വന്തമാക്കി. വില്യംസ് സഹോദരിമാരുടെ കുതിപ്പില്‍ നിരന്തരം തിരിച്ചടികള്‍ നേരിട്ട ഷറപ്പോവയ്‌ക്ക് പിന്നീട് പരിക്കും വെല്ലുവിളിയായി. തോളിന് ശസ്ത്രക്രിയ നടത്തിയതിനു ശേഷമുള്ള തിരിച്ചവരവിലും പൂര്‍ണസജ്ജയായിരുന്നില്ല ഷറപ്പോവ.
















