നൗകാമ്പ്: സ്പാനിഷ് ലീഗില്‍ കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന ബാഴ്‌സലോണക്ക് മിന്നുന്ന വിജയം. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് എവേ മത്സരത്തില്‍ കറ്റാലന്‍ പോരാളികള്‍ ഐബറിനെ കശക്കിയെറിഞ്ഞു.
സൂപ്പര്‍താരം ലയണല്‍ മെസ്സി രണ്ട് ഗോളുകളുമായി കളം നിറഞ്ഞ മത്സരത്തില്‍ എല്‍ ഹദാദിയും ലൂയി സുവാരസും മറ്റ് ഗോളുകള്‍ നേടി. 28 മത്സരങ്ങള്‍ ലീഗില്‍ പൂര്‍ത്തിയായപ്പോള്‍ നിലവിലെ ജേതാക്കളായ ബാഴ്‌സലോണ 72 പോയിന്റുമായാണ് കുതിക്കുന്നത്. തോല്‍വി നേരിടാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് മെസിയും സംഘവും. മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡും മികച്ച ജയം കരസ്ഥമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വലന്‍സിയയെ തകര്‍ത്തു. 28 മത്സരങ്ങളില്‍ നിന്ന് അത്‌ലറ്റികോക്ക് 74 പോയിന്റുകളാണുള്ളത്.
ഐബറിനെതിരായ കളിയില്‍ മെസ്സിപ്പടയുടെ സര്‍വാധിപത്യമായിരുന്നു. ബാഴ്‌സലോണ ഏഴ് തവണ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചപ്പോള്‍ ഐബര്‍ താരങ്ങള്‍ക്ക് ഒരിക്കല്‍ േപാലും ബാഴ്‌സ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞില്ല. കളിയുടെ എട്ടാം മിനിറ്റിലാണ് ബാഴ്‌സ ആദ്യഗോള്‍ നേടിയത്. ലൂയി സുവാരസിന്റെ പാസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് എല്‍ ഹദാദി നിറയൊഴിച്ചു. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ എതിര്‍ ബോക്‌സിലേക്ക് ബാഴ്‌സ താരങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ 41-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. എല്‍ ഹദാദി തള്ളിക്കൊടുത്ത പന്തുമായി കുതിച്ചുകയറിയശേഷം ലയണല്‍ മെസ്സി പായിച്ച ഇടംകാലന്‍ ഐബര്‍ വലയില്‍ കയറി. ഇതിനിടെ ഐബര്‍ താരങ്ങള്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി 2-0ന് ബാഴ്‌സക്ക് സ്വന്തം. പിന്നീട് 76-ാം മിനിറ്റിലാണ് ബാഴ്‌സ മൂന്നാം ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ മെസ്സിതന്നെ ലക്ഷ്യം കണ്ടു. 84-ാം മിനിറ്റില്‍ സുവാരസും ലക്ഷ്യം കണ്ടതോടെ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ണ്ണം.
മറ്റൊരു കളിയില്‍ വലന്‍സിയയെ അവരുടെ മൈതാനത്ത് ചെന്നാണ് അത്‌ലറ്റികോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തത്. അത്‌ലറ്റികോ മാഡ്രിഡിനായി 24-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന്‍, 72-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ടോറസ്, 85-ാം മിനിറ്റില്‍ യാനിക് കരാസ്‌കോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ 28-ാം മിനിറ്റില്‍ ഡെനിസ് ചെറിഷേവ് വലന്‍സിയയുടെ ആശ്വാസഗോള്‍ സ്വന്തമാക്കി. 80-ാം മിനിറ്റില്‍ ആന്ദ്രെ സാന്റോസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് വലന്‍സിയ കളിച്ചത്.
മറ്റ് മത്സരങ്ങളില്‍ ബില്‍ബാവോ 2-0ന് സ്‌പോര്‍ട്ടിങ് ഡി ഗിജോണിനെയും റയല്‍ ബെറ്റിസ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഗ്രനാഡ എഫ്‌സിയെയും പരാജയപ്പെടുത്തിയപ്പോള്‍ റയല്‍ സോസിഡാഡ്-ലെവന്റെ കളി ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു.
















