ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മിന്നും ജയം. മടക്കമില്ലാത്ത നാലു ഗോളിന് ആസ്റ്റണ്‍ വില്ലയെ തുരത്തി സിറ്റി. അതേസമയം, വാറ്റ്‌ഫോഡിനോട് കഷ്ടിച്ച് കടന്നുകൂടിയ ലെസ്റ്റര്‍ സിറ്റി ഒന്നാമത് തുടരുന്നു. നിലവിലെ ചാമ്പ്യന്‍ ചെല്‍സിയെ സ്റ്റോക്ക് സിറ്റി തളച്ചപ്പോള്‍ (1-1), ആഴ്‌സണലും ടോട്ടനവും സമനിലയില്‍ പിരിഞ്ഞു (2-2).
സെര്‍ജിയോ അഗ്വെയ്‌റോയുടെ ഇരട്ട ഗോളുകളാണ് എത്തിഹാദില്‍ സിറ്റിക്ക് തുണയായത്. ആദ്യ പകുതിയില്‍ ഗോള്‍വല ശൂന്യമായി നിന്നപ്പോള്‍ നിരാശരായ ആരാധകരെ ഉണര്‍ത്തി 48ാം മിനിറ്റില്‍ യായ ടുറെ സിറ്റിയെ മുന്നിലെത്തിച്ചു. രണ്ടു മിനിറ്റിനകം ലീഡുയര്‍ത്തിയ അഗ്വെയ്‌റോ, 60ാം മിനിറ്റില്‍ രണ്ടാം വട്ടവും ലക്ഷ്യം കണ്ട് ടീമിന്റെ അക്കൗണ്ടിന് മാറ്റികൂട്ടി. 66ാം മിനിറ്റില്‍ റഹിം സ്റ്റെര്‍ലിങ് പട്ടിക തികച്ചു. എവേ മത്സരത്തില്‍ വാറ്റ്‌ഫോഡിനെതിരെ 56ാം മിനിറ്റില്‍ റിയാദ് മഹ്‌റെസ് നേടിയ ഗോളിലാണ് ലെസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയത്.
സ്വന്തം മൈതാനത്ത് സ്റ്റോക്ക് സിറ്റിയോട് സമനില വഴങ്ങേണ്ടിവന്നത് ചെല്‍സിക്ക് തിരിച്ചടിയായി. 39ാം മിനിറ്റില്‍ ബെര്‍ട്രാന്‍ഡ് ട്രവോറിലൂടെ മുന്നിലെത്തിയ നീലപ്പടയെ 85ാം മിനിറ്റില്‍ മാമെ ദിയോഫ് നേടിയ ഗോളിലാണ് സ്റ്റോക്ക് തളച്ചത്. ടോട്ടനം-ആഴ്‌സണല്‍ മത്സരത്തില്‍ ടോണി അല്‍ഡെര്‍വെയ്‌റെല്‍ഡും ഹാരി കെയ്‌നും ടോട്ടനത്തിനായി ലക്ഷ്യം കണ്ടപ്പോള്‍ ആരോണ്‍ റംസേ, അലക്‌സി സാഞ്ചസ് എന്നിവര്‍ ആഴ്‌സണലിന്റെ സ്‌കോറര്‍മാര്‍. അതേസമയം, എവര്‍ട്ടണിന് തോല്‍വി. വെസ്റ്റ്ഹാം യുണൈറ്റഡിനോട് രണ്ടിനെതിരെ മൂന്നു ഗോളിന് എവര്‍ട്ടണ്‍ കീഴടങ്ങി.
മറ്റു മത്സരങ്ങളില്‍ എഎഫ്‌സി ബേണ്‍മൗത്ത് 3-1ന് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കിയപ്പോള്‍ സ്വാന്‍സീ സിറ്റി 1-0ന് നോര്‍വിച്ച് സിറ്റിയെയും വീഴ്‌ത്തി. സതാംപ്ടണ്‍-സണ്ടര്‍ലാന്‍ഡ് മത്സരം സമനിലയില്‍ (1-1). ലീഗില്‍ 60 പോയിന്റുമായി ലെസ്റ്റര്‍ സിറ്റി ഒന്നാമത് തുടരുന്നു. ടോട്ടനം (55), ആഴ്‌സണല്‍ (52), മാഞ്ചസ്റ്റര്‍ സിറ്റി (50), വെസ്റ്റ് ഹാം (49) അഞ്ചു വരെ സ്ഥാനങ്ങളില്‍.
















