മെല്‍ബണ്‍: ആതിഥേയരായ ഓസ്‌ട്രേലിയയെ 3-1ന് കീഴടക്കി യുഎസ് ഡേവിസ് കപ്പ് ടെന്നീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ജോണ്‍ ഇസ്‌നറുടെ തകര്‍പ്പന്‍ പ്രകടനമാണ് യുഎസിന് അവസാന എട്ടിലിടം നേടിക്കൊടുത്തത്. ആദ്യ സിംഗിള്‍സ് ജയിച്ച ഇസ്‌നര്‍, നിര്‍ണായകമായ ആദ്യ റിവേഴ്‌സ് സിംഗിള്‍സില്‍ കടുത്ത പോരാട്ടത്തില്‍ ബെര്‍ണാഡ് ടോമിക്കിനെ വീഴ്‌ത്തി, സ്‌കോര്‍: 6-4, 6-4, 5-7, 7-6. രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ 49 എയ്‌സുകള്‍ ഉതിര്‍ത്തു ഇസ്‌നര്‍.
നേരത്ത, ആദ്യ സിംഗിള്‍സില്‍ സാമുവല്‍ ഗ്രോത്തിനെയാണ് ഇസ്‌നര്‍ കീഴടക്കിയത്, സ്‌കോര്‍: 7-6, 6-2, 6-2. എന്നാല്‍, രണ്ടാം സിംഗിള്‍സ് നേടി ബെര്‍ണാഡ് ടോമിക്ക് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു. ജാക് സോക്കിനെ 7-6, 6-3, 3-6, 6-4നു തോല്‍പ്പിച്ചു ടോമിക്. ഡബിള്‍സില്‍ ബോബ് ബ്രയാന്‍-മൈക് ബ്രയാന്‍ സഖ്യം ലെയ്ട്ടണ്‍ ഹെവിറ്റ്-ജോണ്‍ പീയേഴ്‌സ് ജോഡിയെ വീഴ്‌ത്തി, സ്‌കോര്‍: 6-3, 6-3, 4-6, 4-6, 6-3. പ്രസക്തിയില്ലാത്തതിനാല്‍ സാമുവല്‍ ഗ്രോത്തും ജാക് സോക്കും തമ്മിലുള്ള അവസാന റിവേഴ്‌സ് സിംഗിള്‍സ് ഉപേക്ഷിച്ചു.
തോറ്റതോടെ ഓസ്‌ട്രേലിയ വീണ്ടും ലോക ഗ്രൂപ്പിലേക്ക് മടങ്ങും. ക്രൊയേഷ്യ-ബെല്‍ജിയം മത്സര വിജയികളെയാണ് ക്വാര്‍ട്ടറില്‍ യുഎസ് നേരിടുക. 33ാം കിരീടമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇറ്റലി, ഫ്രാന്‍സ് ടീമുകളും നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു. ഇറ്റലി സ്വിറ്റ്‌സര്‍ലന്‍ഡിനെയും ഫ്രാന്‍സ് കാനഡയെയുമാണ് തോല്‍പ്പിച്ചത്.
















