ജമൈക്ക: ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന വിന്‍ഡീസ് ടീമിന് വീണ്ടും തിരിച്ചടി. പുറംവേദന മൂലം ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ് ടീമില്‍ നിന്ന് ഒഴിവായി. വിന്‍ഡീസ് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ക്ലൈവ് ലോയ്ഡാണ് സിമ്മണ്‍സ് ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പകരക്കാരനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ഡ്വെയ്ന്‍ സ്മിത്തിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്. ബാര്‍ബഡോസ് ബാറ്റ്‌സ്മാന്‍ ജൊനാഥന്‍ കാര്‍ട്ടറും പരിഗണനയില്‍.
ഓഫ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍, മധ്യനിര ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവൊ, ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവര്‍ ടീമില്‍ നിന്ന് പിന്മാറിയിരുന്നു. ആക്ഷന്‍ സംശയ നിഴലിലായതാണ് നരെയ്‌ന്റെ പിന്മാറ്റത്തിനു കാരണം. കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമാകാത്തത് പൊള്ളാര്‍ഡിനും തിരിച്ചടിയായി. ടെസ്റ്റ് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബ്രയാന്‍ ലാറയുടെ പിന്‍ഗാമിയെന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ ഡാരന്‍ ബ്രാവൊയുടെ പിന്മാറ്റം. വിന്‍ഡീസിനായി എട്ട് ടെസ്റ്റ്, 68 ഏകദിനം, 34 ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ലെന്‍ഡല്‍ സിമ്മണ്‍സ്. ട്വന്റി20യില്‍ 761 റണ്‍സ് സമ്പാദ്യം. ഇതില്‍ നാല് അര്‍ധസെഞ്ചുറി.
















