മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടം ലക്ഷ്യമാക്കി കുതിക്കുന്ന ബാഴ്‌സലോണക്ക് ഗംഭീര വിജയം. ലോകഫുട്‌ബോളറും സൂപ്പര്‍താരവുമായ ലയണല്‍ മെസ്സിയുടെ മിന്നുന്ന ഹാട്രിക്കിന്റെ കരുത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കറ്റാലന്‍ പട റയോ വയ്യക്കാനോയെ അരിഞ്ഞുവീഴ്‌ത്തി. ഇതോടെ തോല്‍വിയറിയാതെ 35 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡും ബാഴ്‌സ സ്വന്തം പേരിലാക്കി. 1988-89 സീസണില്‍ റയല്‍ കുറിച്ച 34 വിജയങ്ങളെന്ന റെക്കോര്‍ഡാണ് എന്റിക്വയുടെ കുട്ടികള്‍ ഇന്നലെ മറികടന്നത്. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ബാഴ്‌സ എട്ടാക്കി ഉയര്‍ത്തി. മെസ്സിയുടെ 35-ാം ഹാട്രിക്കാണ് ഇന്നലത്തേത്. ബാഴ്‌സക്ക് 27 കളികളില്‍ നിന്ന് 69 പോയിന്റും അത്‌ലറ്റികോ മാഡ്രിഡിന് 61 പോയിന്റുമാണുള്ളത്.
മത്സരത്തില്‍ രണ്ടു പേര്‍ക്കു ചുവപ്പുകാര്‍ഡ് കിട്ടിയതോടെ ഒമ്പതു പേരായി ചുരുങ്ങിയ റയോ വയ്യക്കാനോക്കു ബാഴ്‌സയുടെ മെസ്സി-സുവാരസ്-നെയ്‌മര്‍ സഖ്യത്തിന്റെ കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 22-ാം മിനിറ്റില്‍ ഇവാന്‍ റാക്കിറ്റിച്ചിലൂടെയാണ് ബാഴ്‌സ ഗോള്‍ മഴക്ക് തുടക്കമിട്ടത്. പിന്നീട് 23, 53, 72 മിനിറ്റുകളില്‍ മെസി ഗോള്‍ നേടി. 86-ാം മിനിറ്റില്‍ അര്‍ദ ടുറാന്‍ കൂടി ഗോള്‍ നേടിയതോടെ റയോ തകര്‍ന്നടിഞ്ഞു. ഗോണ്‍സാല്‍വസാണ് റയോയുടെ ആശ്വാസഗോള്‍ നേടിയത്.
കളിയുടെ തുടക്കം മുതല്‍ എതിര്‍ ഗോള്‍മുഖത്തേക്ക് ആക്രമണങ്ങളുടെ തിരമാല തീര്‍ത്ത ബാഴ്‌സ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. എന്നാല്‍ ആദ്യ അവസരം ലഭിച്ചത് വയ്യക്കാനോക്കായിരുന്നു. നാലാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് അഡ്രിയാന്‍ എംബാര്‍ബ പായിച്ച ഷോട്ട് ബാഴ്‌സ ഗോളി കുത്തിയകറ്റി. തുടക്കത്തില്‍ വയ്യക്കാനോതാരങ്ങളുടെ ഓഫ് സൈഡ് കെണിയില്‍ പെടാനായിരുന്നു ബാഴ്‌സയുടെ വിധി. 15-ാം മിനിറ്റിലും എംബാര്‍ബയുടെ ഷോട്ടിന് മുന്നില്‍ ബാഴ്‌സ ഗോളി വിലങ്ങുതടിയായി. 21-ാം മിനിറ്റിലാണ് ബാഴ്‌സ ആദ്യമായി വയ്യക്കാനോ ഗോളിയെ പരീക്ഷിച്ചത്. നെയ്‌മറിന്റെ പാസില്‍ നിന്ന് മെസ്സി പായിച്ച ഇടംകാലന്‍ ഷോട്ട് വയ്യക്കാനോ ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ബാഴ്‌സയുടെ ആദ്യ ഗോളും പിറന്നു. കോര്‍ണറിനൊടുവില്‍ ബോക്‌സിലേക്ക് വന്ന പന്ത് കയ്യിലൊതുക്കാനായി ഉയര്‍ന്നുചാടിയ വയ്യക്കാനോ ഗോളിയുടെ കയ്യില്‍ നിന്നും പന്ത് വഴുതി വീണു. കിട്ടിയ അവസരം മുതലെടുത്ത് റാക്കിറ്റിച്ച് പായിച്ച വലംകാലന്‍ ആംഗുലര്‍ഷോട്ട് വലയില്‍ കയറുകയും ചെയ്തു.
തൊട്ടടുത്ത മിനിറ്റില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തി. ഇത്തവണ മെസ്സിയുടെ ഊഴം. സ്വന്തം പകുതിയില്‍ നിന്ന് തള്ളിക്കിട്ടിയ പന്തുമായി മുന്നേറിയ മെസ്സി പന്ത് നെയ്‌മര്‍ക്ക് നല്‍കി. പന്ത് കിട്ടിയ നെയ്‌മര്‍ ഷോട്ട് ഉതിര്‍ക്കാതെ മെസ്സിക്ക് തന്നെ മറിച്ചു നല്‍കി. കിട്ടിയ അവസരം പാഴാക്കി മെസ്സി അനായാസഷോട്ടിലൂടെ പന്ത് വയക്കാനോ വലയിലെത്തിക്കുകയും ചെയ്തു. 42-ാം മിനിറ്റില്‍ വയ്യക്കാനോയുടെ ഡീഗോ ലോറന്റെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ അവര്‍ പത്തുപേരായി ചുരുങ്ങുകയും ചെയ്തു. ആദ്യപകുതിയില്‍ ബാഴ്‌സ 2-0ന്റെ ലീഡുമായാണ് കളംവിട്ടത്.
നെയ്‌മര്‍ നല്ലൊരു അവസരം തുലച്ചുകളയുന്നത് കണ്ടാണ് രണ്ടാം പകുതി ആരംഭിച്ചത്. എന്നാല്‍ 53-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തി. സുവാരസിന്റെ ഷോട്ട് സൈഡ് പോസ്റ്റില്‍ത്തട്ടി റീബൗണ്ട് വന്നതാണ് മെസ്സി ഇടംകാലുകൊണ്ട് വലയിലേക്ക് പ്ലേസ് ചെയ്തത് (3-0). രണ്ട് മിനിറ്റിനുശേഷം നെയ്‌മര്‍ മറ്റൊരു അവസരവും പാഴാക്കി. 57-ാം മിനിറ്റില്‍ റയോ മന്യുക്കോയിലൂടെ ഒരു ഗോള്‍ മടക്കി.
67-ാം മിനിറ്റില്‍ സെര്‍ജിയോയെ ഫൗള്‍ ചെയ്തതിന് റയോ താരം മാനുവല്‍ ഇട്ടൂരയെ റഫറി റെഡ് കാര്‍ഡ് വിധിച്ചു പുറത്താക്കി. തുടര്‍ന്ന് കിട്ടിയ പെനാല്‍റ്റി സുവാരസ് നഷ്ടപ്പെടുത്തി. പിന്നീട് 72-ാം മിനിറ്റില്‍ മെസ്സി തന്റെ ഹാട്രിക്കും ബാഴ്‌സയുടെ നാലാം ഗോളും സ്വന്തമാക്കി. 86-ാം മിനിറ്റില്‍ ടുറാന്‍ മനോഹരമായ ഒരു ഹെഡറിലൂടെ ബാഴ്‌സയുടെ അഞ്ചാം ഗോളും നേടി.
മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് മറുപടിയില്ലലാത്ത മൂന്ന് ഗോളുകള്‍ക്ക് എസ്പാനിയോളിനെയും ഗ്രനാഡ എഫ്‌സി 2-0ന് സ്‌പോര്‍ട്ടിങ് ഡി ജിഗോണിനെയും കീഴടക്കി.
















